കാസര്‍കോട്: കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.കൃത്യം നടന്ന പൈവളികയിലെ വീട്ടില്‍ ഇന്ന് പൊലീസ് പരിശോധന നടത്തി. ഫോറന്‍സിക് സംഘം അടക്കമുള്ളവരെത്തിയാണ് തെളിവ് ശേഖരിച്ചത്.

പൈവളികയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള നുച്ചിലയിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ മരിച്ച അബൂബക്കര്‍ സിദ്ധീഖിനെ ക്രൂര മര്‍ദ്ദനത്തിനാണ് ഇരയാക്കിയത്. സഹോദരന്‍ അന്‍വര്‍ ഹുസൈന്‍, ബന്ധു അന്‍സാരി എന്നിവരെ മര്‍ദ്ദിച്ചതും ഈ വീട്ടില്‍ വച്ചാണ്.

ഫോറന്‍സിക് സംഘം ഈ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൈവളിഗ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഒഴിഞ്ഞ് കിടക്കുന്ന വീടാണിത്. ഇദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ അന്വേഷണ സംഘം ഇന്ന് രണ്ട് പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തു. സിദീഖിനെ ആശുപത്രിയില്‍ എത്തിച്ച്‌ കടന്ന് കളഞ്ഞവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ ആരേയും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ പലരും സംസ്ഥാനം വിട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *