NADAMMELPOYIL NEWS
JUNE 28/2022
തിരുവനന്തപുരം: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേടിന് സമാനമായി മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന നഗരകാര്യ ഡയറക്ടർ അരുൺ.കെ.വിജയന്റെ റിപ്പോർട്ടിനുശേഷം ബന്ധപ്പെട്ട വിഭാഗങ്ങളിൽ അഴിച്ചുപണി നടത്താൻ സർക്കാർ നീക്കം. കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകുന്ന ‘സഞ്ചയ’ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ പരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥരെ പ്രധാന സീറ്റുകളിൽ നിന്ന് മാറ്രും. ഇ ഗവേണൻസ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. സോഫ്റ്റ് വെയർ ഉപയോഗിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പലരും പരിചയക്കുറവുമൂലം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നതും അവരിൽ പലരും കൈക്കൂലിവാങ്ങി തട്ടിപ്പ് നടത്തുന്നുണ്ടെന്നുമുള്ള നിഗമനത്തെ തുടർന്നാണിത്. പാടം നികത്തി പണിത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
സഞ്ചയ സോഫ്റ്റ് വെയറിന്റെ യൂസർ ഐഡിയും പാസ് വേഡും രഹസ്യമായി സൂക്ഷിക്കണമെന്നും വീഴ്ചകൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും ചൂണ്ടിക്കാട്ടി തദ്ദേശസ്ഥാപന മേധാവികൾക്ക് സർക്കുലർ നൽകി.
കോഴിക്കോട് സംഭവത്തിൽ റീജിയണൽ ഡയറക്ടർ നഗരകാര്യ ഡയറക്ടർക്ക് ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഡയറക്ടറുടെ കണ്ടെത്തലുകളും കൂടി ചേർത്ത് വിശദ റിപ്പോർട്ട് ഉടൻ മന്ത്രി എം.വി.ഗോവിന്ദന് കൈമാറും. തുടർന്നാകും സർക്കാർ ശക്തമായ നടപടികളിലേക്ക് കടക്കുക.