NADAMMELPOYIL NEWS
JUNE 27/2022

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടാലും മുഖം നോക്കാതെ നടപടി സ്വീകരിക്കും. റവന്യൂ, എഞ്ചിനീയറിങ് വിഭാഗത്തിൽ സന്ദർശകരെ നിരീക്ഷിക്കാൻ സംവിധാനം ഉണ്ടാകും. കോർപറേഷനിലെ സന്ദർശകർക്കായി രജിസ്റ്റർ ഏർപ്പെടുത്തുമെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി.
NADAMMELPOYIL NEWS
ജീവനക്കാരുടെ പാസ്​വേഡ് അടക്കം ലോഗിൻ വിവരങ്ങൾ​ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക്​ നമ്പർ നൽകിയെന്ന പരാതിയിൽ ഏഴു​ പേരെയാണ് അറസ്റ്റ്​ ചെയ്തത്. ആറ്​ കെട്ടിടങ്ങൾക്ക്​ അനധികൃതമായി അനുമതി നൽകിയതായി കണ്ടെത്തിയെന്ന്​ കോർപറേഷൻ സെക്രട്ടറി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിൽ ഒരു കെട്ടിടവുമായി ബന്ധപ്പെട്ട കേസിലാണ്​ അറസ്റ്റ്​.

കോർപറേഷൻ കെട്ടിട നികുതി വിഭാഗം ക്ലാർക്ക്​ ചേവരമ്പലം പൊന്നോത്ത്​ എൻ.പി. സുരേഷ്​ (56), തൊഴിൽ നികുതി വിഭാഗത്തിലെ ക്ലർക്ക്​ വേങ്ങേരി അനിൽകുമാർ മഠത്തിൽ (52), കെട്ടിടം ഉടമ കരിക്കാംകുളം അദിൻ ഹൗസിൽ പി.കെ. അബൂബക്കർ സിദ്ദീഖ് (54)​, ഇടനിലക്കാരനും ടൗൺ പ്ലാനിങ്​ വിഭാഗത്തിൽ നിന്ന്​ വിരമിച്ചയാളുമായ ഫാറൂഖ്​ കോളജ്​ കാരാട്​ പറമ്പ്​ പൊന്നേംപാടം പുന്നത്ത്​ പാറക്കണ്ടി പി.സി.കെ. രാജൻ (61), എജന്‍റുമാരായ​ തടമ്പാട്ടുതാഴം അസിൻ ഹൗസിൽ പി.കെ. ഫൈസൽ അഹമ്മദ്​ (51), പൊറ്റമ്മൽ മാപ്പിളക്കണ്ടി ഇ.കെ. മുഹമ്മദ്​ ജിഫ്രി (50), കരുവിശ്ശേരി സി.പി ബിൽഡിങ്ങിൽ അമാനത്ത്​ ഹൗസിൽ എം. യാഷിർ അലി (45) എന്നിവരെയാണ്​ അറസ്റ്റു​ചെയ്തത്​.
ഒന്നാം പ്രതി അനിൽ കുമാറും രണ്ടാം പ്രതി സുരേഷും മറ്റു​ പ്രതികളും ഗൂഢാലോചന നടത്തി നാലു​ ലക്ഷം രൂപ വാങ്ങി ക്രമക്കേട്​ നടത്തിയെന്നാണ്​ കേസ്​​. ശിക്ഷാനിയമം 468 (കൃത്രിമ രേഖ ചമക്കൽ), 471 (ഇലക്​​ട്രോണിക്സ് രേഖകളിൽ കൃത്രിമം കാട്ടൽ)​, 420 (വഞ്ചന), 120 ബി (ഗൂഢാലോചന), ഐ.ടി ആക്ട്​ 66 സി, ഡി എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റമാണ്​ പ്രതികളിൽ ചുമത്തിയത്​.

​കരിക്കാംകുളം മർകസുൽ ഇമാം അഹമ്മദിയയുടെ കെട്ടിടത്തിന്​ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. മറ്റ്​ അഞ്ച്​ പരാതികളിൽ അന്വേഷണം നടത്തി വെവ്വേറെ കേസ്​ രജിസ്​റ്റർ ചെയ്യും. മൊത്തം ആറ്​ കെട്ടിടങ്ങളിലായി 15 കെട്ടിട നമ്പറുകൾ അനധികൃതമായി നൽകിയതായാണ്​ കോർപറേഷൻ കണ്ടെത്തി പൊലീസിൽ പരാതി നൽകിയത്​.​ കോർപറേഷൻ സസ്​പെൻഡ്​ ചെയ്ത നാല്​ ഉദ്യോഗസ്​ഥരിലാരും ഇപ്പോൾ അറസ്​റ്റുണ്ടായ കേസിൽ​ പ്രതികളല്ല.

Leave a Reply

Your email address will not be published. Required fields are marked *