മുംബൈ: മുംബൈ വാസയ് സബര്‍ബില്‍ ടാറ്റ നെക്‌സോണ്‍ ഇലക്‌ട്രിക്ക് കാറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.സംഭവത്തില്‍ ആളപായമില്ല. അതേസമയം തീപിടിത്തത്തെക്കുറിച്ച്‌ ടാറ്റ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ കാരണം എന്തെന്ന് അന്വേഷണത്തിന് ശേഷം ഉടന്‍ വെളിപ്പെടുത്തും. രണ്ട് വര്‍ഷത്തിലേറെയായി വിപണിയില്‍ ഉള്ള നെക്സോണ്‍ ഇവിക്ക് തീ പിടിക്കുന്ന ആദ്യ സംഭവമാണിത്.

ജൂണ്‍ 22 ന് മുംബൈയിലെ സബര്‍ബനിലാണ് അപകടമുണ്ടായത് നെക്‌സോണ്‍ ഇവിയുടെ ബാറ്ററിക്ക് തീപിടിച്ചതാകാമെന്നാണ് കരുതുന്നത്. രണ്ട് മാസം മുമ്ബ് വാങ്ങിയ കാര്‍ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവ സമയത്ത് കനത്ത ചൂടോ മഴയോ അടക്കമുള്ള യാതൊരു പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നില്ലെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ ഓടിക്കൊണ്ടിരിക്കുമ്ബോള്‍, പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് വാഹനത്തിന്റെ താഴത്തെ ഭാഗത്ത് തീ ആളി പടരുകയായിരുന്നു. ഫയര്‍ സര്‍വീസ് എത്തിയാണ് തീയണച്ചത്. അപകടത്തെ കുറിച്ച്‌ സമഗ്രമായ ഫോറന്‍സിക്, എഞ്ചിനീയറിംഗ് അന്വേഷണം നടക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

‘ഒറ്റപ്പെട്ട സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ ഇപ്പോള്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വിശദമായ പ്രതികരണം ഞങ്ങള്‍ പിന്നീട് പങ്കിടും. ഞങ്ങളുടെ വാഹനങ്ങളുടെയും അവരുടെ ഉപയോക്താക്കളുടെയും സുരക്ഷയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’- ടാറ്റ വക്താവ് പ്രതികരിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാര്‍ മോഡലാണ് നെക്സോണ്‍. 30,000-ലധികം ടാറ്റ ഇവികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. ഏകദേശം 100 ദശലക്ഷം കിലോമീറ്ററുകള്‍ ഇന്ത്യന്‍ നിരത്തിലൂടെ ഓടിയിട്ടുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ടാറ്റ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *