ലോകത്ത് ഏറ്റവും മികച്ചജീവിതനിലവാരമുള്ള പട്ടണമായി ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്ന. ഏറ്റവുമധികം വാസയോഗ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ യുക്രേനിയന്‍ തലസ്ഥാനമായ കീവ് ഇത്തവണ ഉള്‍പ്പെട്ടില്ല.റഷ്യന്‍ പട്ടണങ്ങളായ മോസ്കോയും സെന്‍്റ് പീറ്റേഴ്സ്ബര്‍ഗും റാങ്കിംഗില്‍ പിന്നാക്കം പോയി. സെന്‍സര്‍ഷിപ്പും യുക്രൈന്‍ അധിനിവേശവുമാണ് കാരണം. (Most Liveable City vienna)

ന്യൂസീലന്‍ഡിലെ ഓക്ക്‌ലന്‍ഡായിരുന്നു കഴിഞ്ഞ തവണത്തെ പട്ടികയില്‍ ഒന്നാമത്. എന്നാല്‍, പുതിയ പട്ടികയില്‍ ഓക്ക്‌ലന്‍ഡ് 34ആം സ്ഥാനത്താണ്. സ്ഥലത്തെ കൊവിഡ് നിയന്ത്രണങ്ങളാണ് ഓക്ക്‌ലന്‍ഡിനെ പട്ടികയില്‍ താഴേക്ക് ഇറക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 12ആം സ്ഥാനത്തായിരുന്നു വിയന്ന. 2018, 19 വര്‍ഷങ്ങളില്‍ വിയന്ന ഒന്നാമതായിരുന്നു.

പട്ടികയിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ആറിലും യുറോപ്യന്‍ പട്ടണങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ ഹേഗനും സ്വിറ്റ്സര്‍ലന്‍ഡ് പട്ടണമായ സൂറിച്ചും രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ മറ്റൊരു പട്ടണമായ ജനീവ ആറാമതുണ്ട്. കാനഡയിലെ മൂന്ന് നഗരങ്ങള്‍ ആദ്യ പത്തിലുണ്ട്. കാല്‍ഗരി സൂറിച്ചുമായി മൂന്നാം സ്ഥാനം പങ്കിടുമ്ബോള്‍ വാന്‍കൂവര്‍ അഞ്ചാമതും ടൊറന്‍്റോ എട്ടാമതുമാണ്. ജര്‍മനി നഗരം ഫ്രാങ്ക്‌ഫര്‍ട്ട് ഏഴാമതും നെതര്‍ലന്‍ഡ് തലസ്ഥാനം ആംസ്റ്റര്‍ഡാം 9ആമതുമാണ്. ജപ്പാന്‍ നഗരം ഒസാക്കയും ഓസ്ട്രേലിയന്‍ നഗരം മെല്‍ബണും 10ആം സ്ഥാനം പങ്കിടുകയാണ്.

ഫ്രാന്‍സ് തലസ്ഥാനമായ പാരിസ് പട്ടികയില്‍ 19ആമതാണ്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടന്‍ 33ആമതാണ്. സ്പെയിന്‍ നഗരങ്ങളായ ബാഴ്സലോണ 35ആമതും മാഡ്രിഡ് 43ആമതുമുണ്ട്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് 51ആമതും ചൈന തലസ്ഥാനം ബീജിങ് 71ആമതും എത്തി.

Leave a Reply

Your email address will not be published. Required fields are marked *