NADAMMELPOYIL NEWS
JUNE 21/2022
കോഴിക്കോട്: ചില്ലറ നാണയമെന്ന് കരുതി യാത്രക്കാരന്‍ ബസില്‍ കൊടുത്തത് സ്വര്‍ണ നാണയം (gold coin). കണ്ടക്ടര്‍ അഞ്ച് രൂപ ചില്ലറ ചോദിച്ചപ്പോഴാണ് കുറ്റ്യാടിയില്‍നിന്ന് തൊട്ടില്‍പാലത്തേക്ക് യാത്രചെയ്ത കരിങ്ങാട് സ്വദേശിക്ക് അബദ്ധം പറ്റിയത്. വീട്ടിലെത്തി കീശ തപ്പിയപ്പോള്‍ സ്വര്‍ണനാണയം കാണാനില്ല. ഉടന്‍ കണ്ടക്ടറുടെ നമ്പര്‍ സംഘടിപ്പിച്ച് ബന്ധപ്പെട്ടെങ്കിലും കണ്ടക്ടര്‍ ചില്ലറയെന്ന് കരുതി കൈമാറിയതായി പറഞ്ഞു.
കെസിആര്‍ എന്നാണ് ബസിന്റെ പേരെന്ന് യാത്രക്കാരന്‍ പറയുന്നു. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന സമയത്ത് മലബാര്‍ ഗോള്‍ഡില്‍നിന്ന് വാങ്ങിയ സ്വര്‍ണനാണയം മകളുടെ കോളജ് ഫീസടക്കാന്‍ വേണ്ടി വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു. എന്നാല്‍, ഒരു കൂട്ടുകാരന്‍ പണം വായ്പ നല്‍കിയതോടെ നാണയം വില്‍ക്കുന്നത് ഒഴിവാക്കി വീട്ടിലേക്കു തിരികെ വരുമ്പോഴാണ് സംഭവം.
തളീക്കരക്കും തൊട്ടില്‍പാലത്തിനും ഇടയില്‍ യാത്രചെയ്ത ആര്‍ക്കോ ബാക്കി കൊടുത്തപ്പോള്‍ സ്വര്‍ണനാണയം കൊടുത്തുപോയിരിക്കാമെന്നാണ് കണ്ടകട്ര്‍ പറയുന്നത്. അല്ലെങ്കില്‍ ബസ് തൊട്ടില്‍പാലത്തുനിന്ന് തിരിച്ച് വടകരക്ക് പോകുംവഴി ആർക്കെങ്കിലും ബാക്കിയായി നൽകിയിരിക്കാമെന്നും കണ്ടക്ടർ പറഞ്ഞു. യാത്രക്കാരൻ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.