NADAMMELPOYIL NEWS
JUNE 20/2022
കോഴിക്കോട് മലയാള സാഹിത്യത്തെ വിശ്വചക്രവാളത്തിലെത്തിച്ച എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ‘നമ്മൾ ബേപ്പൂരി’ന്റെ ആഭിമുഖ്യത്തിൽ ജൂലൈ രണ്ടുമുതൽ അഞ്ചുവരെ ‘ബഷീർ ഫെസ്റ്റ്’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുദിവസത്തെ ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിപുലമായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. ബഷീറിന്റെ വീട്ടിലും പരിസരങ്ങളിലുമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകിട്ട് ബേപ്പൂർ ഹൈസ്‌കൂളിൽ നടക്കും. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ബഷീർ ചലച്ചിത്ര- ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിക്കും. യുവ സാഹിത്യകാരന്മാർക്കായി കേരള സാഹിത്യ അക്കാദമി നേതൃത്വത്തിൽ സുഭാഷ് ചന്ദ്രൻ നയിക്കുന്ന ക്യാമ്പ് വൈലാലിൽ വീട്ടിൽ നടക്കും. ബഷീർ ചിത്രരചനാ മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിന് കീഴിലാണ് ഒത്തുചേരലുകൾ. സ്‌കൂൾ വിദ്യാർഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും. ചലച്ചിത്ര, സംഗീത, ലളിതകലാ, ഫോക്‌ലോർ സാഹിത്യ അക്കാദമികളുടെ സഹകരണത്തോടെയായിരിക്കും പരിപാടി. വാർത്താസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, കൗൺസിലർ രാജീവ്, നമ്മൾ ബേപ്പൂർ സംഘാടകരായ എം ഗിരീഷ്, കെ ആർ പ്രമോദ്, ടി രാധാഗോപി എന്നിവർ പങ്കെടുത്തു.