കോഴിക്കോട്: സൈന്യത്തില്‍ നാലുവര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതോടെ അനിശ്ചിതത്വത്തിലായി കേരളത്തിലെ രണ്ടായിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍. നിലവില്‍ 2366 പേരാണ് എഴുത്ത് പരീക്ഷയ്ക്ക് യോഗ്യത നേടി കാത്തിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതോടെ ഇവരുടെ ഭാവി പ്രതിസന്ധിയിലാകും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ച 2020ലെ സൈനിക റിക്രൂട്ട്‌മെന്റ് കേരളത്തില്‍ നടന്നത് 2021 ഫെബ്രുവരിയിലായിരുന്നു. കോഴിക്കോട്, തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് റിക്രൂട്ട്‌മെന്റ് പ്രാഥമിക ഘട്ടം നടത്തിയത്. ജനറല്‍ ഡ്യൂട്ടി ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍, ക്ലര്‍ക്ക്, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലായിരുന്നു റാലി. ജനറല്‍ ഡ്യൂട്ടിക്ക് പരമാവധി പ്രായം 21ഉം മറ്റ് തസ്തികകളില്‍ 23 വയസുമായിരുന്നു.

ByNADAMMELPOYIL NEWS

Jun 18, 2022

ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയില്‍ നിന്നാണ് 2366 പേരെ എഴുത്ത് പരീക്ഷക്കായി തിരഞ്ഞെടുത്തത്. ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. രണ്ടാംഘട്ടമായി ഏപ്രിലില്‍ പരീക്ഷ നടക്കുമെന്ന് അറിയിപ്പ് ലഭിച്ചതെങ്കിലും വിവിധ ഘട്ടങ്ങളിലായി നീണ്ടുപോകുകയായിരുന്നു.

ജോലിയ്ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ക്ക് കരിനിഴല്‍വീഴ്ത്തിയാണ് ഇപ്പോള്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും അഗ്‌നിപഥ് വഴി നിയമനം നേടാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. സാധാരണ രീതിയിലുള്ള സൈനിക റിക്രൂട്ട്‌മെന്റ് നിര്‍ത്തലാക്കരുതെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധം ഇതോടെ സംസ്ഥാനത്തേക്കും വ്യാപിക്കുകയാണ്. വരുംവര്‍ഷങ്ങളിലും നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരമാണ് പദ്ധതി വരുന്നതിലൂടെ നഷ്ടമാകുക.

Leave a Reply

Your email address will not be published. Required fields are marked *