നമ്പര്‍ പ്ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം.ബൈക്കുകള്‍ ഇവരുടേതല്ല, എല്ലാം മോഷണ മുതലുകള്‍!. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ കുട്ടിക്കുറ്റവാളികള്‍ വാഹന പരിശോധനയ്‌ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ കോവളം കെ.എസ് റോഡില്‍ ഇന്നലെയാണ് സംഭവം.
നമ്പര്‍ പ്ളേറ്റ് ഇളക്കിമാറ്റിയ ആഢംബര ബൈക്കുകളിലെത്തിയ ഇവരോട് പൊലീസ് രേഖകള്‍ ആവശ്യപ്പെട്ടു. വാഹനത്തിന്റെ രേഖകളൊന്നും കൈയിലില്ലെന്നായിരുന്നു ഈ കുട്ടിക്കൂട്ടത്തിന്റെ മറുപടി. ഇതോടെ സംശയം തോന്നിയ പൊലീസ് വാഹനങ്ങള്‍ ആരുടെ പേരിലാണെന്ന് ചോദിച്ചു. അതിന് ഇവര്‍ക്ക് കൃത്യമായ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബൈക്കുകള്‍ തക്കലയില്‍ നിന്നും മാര്‍ത്താണ്ഡത്തു നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്.
റോഡിന് സമീപം പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്.എച്ച്.ഒ പ്രൈജു പറഞ്ഞു. എസ്.എച്ച്.ഒയുടെ നിര്‍ദ്ദേശപ്രകാരം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.