സൺ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാഴാഴ്ചമുതൽ ‘സുതാര്യം’ എന്നപേരിൽ പ്രത്യേക പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകൾ മറയ്ക്കുന്നതിനെതിരായ കേന്ദ്രനിയമം ദുർവ്യാഖാനംചെയ്ത് നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി.

വാഹനങ്ങളുടെ സേഫ്റ്റി ഗ്ളാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ളാക്ക് ഫിലിം എന്നിവ ഒട്ടിക്കരുതെന്ന് കോടതിവിധിയുണ്ട്. എന്നാൽ, വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം അഥവ പ്ലാസ്റ്റിക് ലെയർ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്നായിരുന്നു അടുത്തിടെ പ്രചരിച്ചിരുന്ന റിപ്പോർട്ട്. കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം 2020-ലെ ഏഴാം ഭേദഗതി പ്രകാരമാണ് സൺ കൺട്രോൾ ഫിലിം വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും പ്രചാരണമുണ്ടായിരുന്നു.

ഭേദഗതി അനുസരിച്ച് മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ളതും വശങ്ങളിൽ 50 ശതമാനം ദൃശ്യതയുള്ളതുമായ സൺ ഫിലുമുകൾ അനുവദിക്കാമെന്നും എല്ലാ വാഹനങ്ങളുടെയും വിൻഡ് സ്ക്രീൻ, റിയർ ഗ്ലാസ്, എന്നിവയ്ക്ക് കൂളിങ്ങ് പതിക്കുമ്പോൾ 70 ശതമാനത്തിൽ കുറയാത്ത കാഴ്ച ഉറപ്പാക്കണമെന്നാണ് നിയമമെന്നും വശങ്ങളിലെ ഗ്ലാസിൽ 50 ശതമാനം കാഴ്ച നൽകുന്ന കൂളിങ്ങോ, ഉള്ളിൽ പ്ലാസ്റ്റിക് ലെയറുള്ള ടഫന്റഡ് ഗ്ലാസോ, ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണെന്നും വലിയ പ്രചാരം നേടിയിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഇത് ചർച്ചയായതോടെ വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തുകയായിരുന്നു. വാഹനങ്ങളുടെ ചില്ലുകളിൽ സൺ ഫിലിം, കൂളിങ്ങ് സ്റ്റിക്കറുകൾ പതിക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഏർപ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചിരുന്നു.

പ്ലാസ്റ്റിക് പാളി ചേർത്ത ഗ്ലാസുകളുടെ നിർവചനമാണ് ബി.ഐ.എസിൽ പുതുതായി വന്നത്. നിർദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഗ്ലാസുകൾ (സേഫ്റ്റി ഗ്ളേസിങ്) നിർമാതാക്കൾക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകൾക്ക് വിൽപ്പനാനുമതി നൽകുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *