കൊടുവള്ളി∙ കൊടുവള്ളി നഗരസഭ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം കൊണ്ടുവന്ന ഗതാഗത പരിഷ്കാരം ഇന്നലെ പ്രാബല്യത്തിലായി. ദേശീയ പാത 766ൽ ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തിലാണ് പരിഷ്കാരം നടപ്പാക്കിയത്. നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവിന്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും പൊലീസ് ഇൻസ്പെക്ടറും കൊടുവള്ളി ടൗണിൽ ബോധവൽക്കരണവും നടപടികളും ഊർജിതമാക്കി. പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ പരിശോധന ശക്തമാക്കുകയും നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദുവും ഇൻസ്പെക്ടർ പി.ചന്ദ്രമോഹനനും അറിയിച്ചു.
കൗൺസിലർമാരായ വി.സിയ്യാലിഹാജി, എൻ.കെ.അനിൽകുമാർ, കെ.ശിവദാസൻ, അഷ്റഫ് ബാവ, ഹെൽത്ത് ഇൻസ്പെക്ടർ ശശി നടുവിലക്കണ്ടി, ജെഎച്ച്ഐ സുസ്മിത എന്നിവർ നേതൃത്വം നൽകി. അതേസമയം കൊടുവള്ളി യതീംഖാന മുതൽ എംപിസി ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ ഗതാഗത പരിഷ്കാരത്തിന്റെ ആദ്യദിനം പൊലീസ് നടപടിയെടുത്തത് പ്രതിഷേധത്തിനും ഇടയാക്കി.
കടകളിലേക്ക് സാധനം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ ദീർഘനേരം പാർക്ക് ചെയ്താൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇത്തരത്തിൽ നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ ആദ്യ ദിനത്തിൽ മുന്നറിയിപ്പ് നൽകുക എന്ന ഉദ്ദേശത്തോടെയാണ് നോട്ടീസ് പതിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.ഇന്നു മുതൽ പരിശോധന കർശനമാക്കുമെന്നും അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് നഗരസഭ വ്യക്തമാക്കിയത്.
എന്നാൽ ഈ നീക്കം കൊടുവള്ളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്ന ഉപഭോക്താക്കളെ പിന്തിരിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിമർശകരുടെ വാദം. ഗതാഗതതടസ്സത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ നിർദിഷ്ട സിറാജ് ബൈപാസ് തുരങ്കപാത പദ്ധതി നടപ്പാക്കാൻ തയാറാകണമെന്നും പരിഷ്കാരത്തെ വിമർശിക്കുന്നവർ പറയുന്നു