എങ്ങനെയെങ്കിലും ഒരു ജോലി കിട്ടാന്‍ ആഗ്രഹിക്കുന്നവരും അതിന് ശ്രമിക്കുന്നവരുമാണ് നമ്മളെല്ലാം. ജോലി ഉണ്ടെങ്കില്‍ മികച്ച ശമ്ബളം കിട്ടാനാകും ആഗ്രഹിക്കുക.എന്നാല്‍ ഇവ രണ്ടും ഉണ്ടായിട്ടും ‘ബോര്‍’ അടിച്ചാല്‍ ജോലി ഉപേക്ഷിക്കാതെ തരമില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരുമാനമുണ്ടായിട്ടും ജോലി ഉപേക്ഷിച്ച യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നത്.

മൈക്കല്‍ ലിന്‍ എന്ന യുവാവാണ് നെറ്റ്ഫ്ളിക്‌സിലെ തന്റെ ജോലി ബോറടി കാരണം രാജിവച്ചത്. ലിനിന് കിട്ടിക്കൊണ്ടിരുന്നതാകട്ടെ പ്രതിവര്‍ഷം മൂന്നര കോടി രൂപ ശമ്ബളവും. 2017ലാണ് ലിന്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി നെറ്റ്ഫ്ളിക്‌സില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആമസോണിലെ ജോലി രാജിവച്ചുകൊണ്ടായിരുന്നു മൈക്കല്‍ ലിന്‍ നെറ്റ്ഫ്ളിക്‌സ്‌ കുടുംബത്തോടൊപ്പം ചേര്‍ന്നത്. ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ താന്‍ ജീവിത കാലം മുഴുവന്‍ നെറ്റ്ഫ്ളിക്‌സിനൊപ്പമുണ്ടാകുമെന്നായിരുന്നു മനസില്‍ ചിന്തിച്ചതെന്ന് ലിന്‍ പറയുന്നു.

മൂന്നര കോടി രൂപ വരുമാനം, ഭക്ഷണമടക്കം സൗജന്യം, അണ്‍ലിമിറ്റഡ് പേയ്ഡ് ടൈം ഓഫ് തുടങ്ങി ലിനിന് നെറ്റ്ഫ്ളിസില്‍ അസൂയാവഹമായ അവസരങ്ങളാണ് ലഭിച്ചിരുന്നത്. ഇതെല്ലാം ഉപേക്ഷിച്ച്‌ ലിന്‍ രാജി സമര്‍പ്പിച്ചപ്പോള്‍ ഭ്രാന്താണെന്ന് ചുറ്റുമുള്ളവര്‍ പരിഹസിച്ചു.

യുഎസില്‍ ജോലി ചെയ്തിരുന്ന ലിനിനൊപ്പം സ്ഥിരതാമസമാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ആ സ്വപ്‌നം മകന്‍ നശിപ്പിച്ചെന്ന് ലിനിന്റെ മാതാപിതാക്കളും കുറ്റപ്പെടുത്തി. അച്ഛനും അമ്മയും മാത്രമല്ല, സ്വന്തം മെന്ററും ലിനിനെ കുറ്റപ്പെടുത്തി. പുതിയ ജോലിയില്‍ പ്രവേശിക്കുമ്ബോള്‍ ഇപ്പോഴുള്ള ഉയര്‍ന്ന ശമ്ബളം പ്രയോജനപ്പെടുത്താമെന്ന കാരണത്താല്‍, മറ്റൊരു ജോലിയില്‍ കയറാതെ നെറ്റ്ഫഌക്‌സില്‍ നിന്ന് രാജിവക്കരുതെന്ന് അദ്ദേഹവും ലിനിലെ ഉപദേശിച്ചു.

‘നെറ്റ്ഫഌക്‌സിലെ ജോലിയില്‍ നിന്ന് ഒരുപാട് പഠിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം, ഉയര്‍ന്ന വരുമാനം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ കൊവിഡ് വന്നതോടെ എല്ലാം മാറി. ഇഷ്ടപ്പെട്ടതെല്ലാം നഷ്ടമായി. ജോലി മാത്രമായി ബാക്കി. അതെനിക്ക് മടുത്തു. ലിന്‍ പറഞ്ഞു. കരിയറില്‍ പുരോഗതിയില്ലാതെ താന്‍ പണം സമ്ബാദിക്കുക മാത്രമായിരുന്നെന്നും ലിന്‍ കൂട്ടിച്ചേര്‍ത്തു.

ലിന്‍ ജോലി ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ എട്ടുമാസമായി. ഇനി തനിക്ക് വേണ്ടി ജോലി ചെയ്യും. വലിയ വരുമാനമില്ലെങ്കിലും തന്നെ ഊര്‍ജസ്വലനാക്കുന്ന ജോലി ചെയ്താല്‍ നല്ലത് തന്നെ സംഭവിക്കുമെന്നും മൈക്കല്‍ ലിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *