ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തില്‍ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്ത ആവശ്യപ്പെട്ടു.വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത പറഞ്ഞു. ( central govt should apologize says jifri thangal )
രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടത്.
ബി.ജെ.പി വാക്താവ് നുപൂര്‍ ശര്‍മയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സമസ്ത പറയുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. മറിച്ച് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്‍. അതുകൊണ്ട് പാര്‍ട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീര്‍ക്കാന്‍ സാധിക്കില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണെന്ന് സമസ്ത പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമസ്ത ആവശ്യപ്പെടുന്നു.