മലപ്പുറം: ഡീസലില്‍ വെള്ളം കലര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ തകരാറിലായ സംഭവത്തില്‍ പമ്ബുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച് ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്.വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. വാഹനം നന്നാക്കാന്‍ ചെലവായ പണം ഉള്‍പ്പടെ 3.76 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്ബോഴാണ് വിജേഷ് കാറില്‍ 4500 രൂപയുടെ ഡീസല്‍ അടിച്ചത്. എന്നാല്‍ കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും കാര്‍ പ്രവര്‍ത്തനരഹിതമായെന്നും വെള്ളം കലര്‍ന്നതാണ് കാരണമെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കമ്മിഷന്റെ അനുകൂലവിധി.
വാഹനം നന്നാക്കുന്നതിനു വന്ന ചെലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്ബുടമ പരാതിക്കാരന് നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശ ഈടാക്കും.