ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ (കെവൈസി) പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്. 

ആരെങ്കിലും വിളിക്കുമ്പോൾ കോൾ ലഭിക്കുന്നയാളുടെ ഫോൺ സ്‌ക്രീനുകളിൽ പേര് കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടൻ ചര്‍ച്ച തുടങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ടെലികോം ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) യിൽ നിന്ന് ഇതേക്കുറിച്ച് കൂടിയാലോചന ആരംഭിക്കുന്നതിനുള്ള ഒരു നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) ലഭിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രായ് ചെയർമാൻ പി.ഡി. വഗേലയും പറഞ്ഞു. ട്രായി നേരത്തേ തന്നെ സമാനമായ രീതിയിൽ ചിന്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പ്രത്യേക പിന്തുണയോടെയാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 

ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽ നിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് സേവനം ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. അതേസമയം, ട്രായിയുടെ പുതിയ സംവിധാനം കെവൈസിയിലെ പേരുകൾ അനുസരിച്ചായിരിക്കും കാണിക്കുക.

ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക എന്നത് വലിയ മാറ്റമാണ് കൊണ്ടുവരിക. 

ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ തിരിച്ചറിയുന്ന ചില ആപ്പുകളേക്കാൾ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും കെവൈസി പ്രകാരം വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നതിനാൽ ഈ നീക്കം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.

ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങള്‍ വന്‍തോതില്‍ ഡേറ്റ ശേഖരിക്കാന്‍ കഴിയുന്ന സാഹചര്യവും പുതിയ സംവിധാനത്തിന്റെ വരവോടെ ഇല്ലാതായേക്കും. ഫോണ്‍ വഴിയുള്ള തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കെവൈസി ഉപയോഗിച്ചുള്ള കോളര്‍ ഐഡി സംവിധാനം സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അറിയാത്ത നമ്പറിൽ നിന്ന് വിളിവന്നാൽപോലും ആളെ മനസിലാക്കി വേണമെങ്കിൽ കോൾ എടുക്കാനും കട്ട് ചെയ്യാനും സാധിക്കും.

ശല്യമാകുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായി നടപ്പിലാക്കുന്നുണ്ട്. കെവൈസി അടിസ്ഥാനമാക്കിയുള്ള കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം വർധിച്ചുവരുന്ന സ്പാം കോളുകൾ, തട്ടിപ്പുകൾ എന്നിവയിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുമെന്ന് വിദഗ്ധർ പറയുന്നു.

English Summary: What is the KYC-Based Caller Name Display and how does it help

Leave a Reply

Your email address will not be published. Required fields are marked *