NADAMMELPOYIL NEWS
MAY 23/22
ഈരാറ്റുപേട്ട: വിദ്വേഷപ്രസംഗത്തിന്റെ പേരിൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷൻസ് കോടതി തള്ളിയ വിവരം അറിഞ്ഞതോടെ നാട്ടുകാരടക്കം നിരവധിപേർ അദ്ദേഹത്തിന്‍റെ വീടിനു മുന്നിൽ തടിച്ചുകൂടി. ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് മട്ടാഞ്ചേരി അസിസ്റ്റൻറ് കമീഷണറുടെ വാഹനത്തിന് പിന്നാലെ ജില്ലയുടെ വിവിധ മേഖലയിൽനിന്ന് കൂടുതൽ പൊലീസും എത്തിയതോടെ ചിത്രമാകെ മാറി. മട്ടാഞ്ചേരി എ.സി.പി. വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലെ പൊലീസും കൂടുതൽ വനിത പൊലീസ് അടക്കം വീടിനകത്ത് കയറി പരിശോധന തുടങ്ങിയതോടെ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നാണ് കരുതിയത്. കഴിഞ്ഞ തവണത്തെ പോലെ വസ്ത്രം മാറാനും കുളിക്കാനും സമയമെടുക്കുന്നതിനാലാകും വൈകുന്നതെന്നാണ് പുറത്തുനിന്ന പൊലീസുകാരും നാട്ടുകാരും കരുതിയത്.
വീടിനകം അരിച്ച് പെറുക്കിയ ശേഷമാണ് ജോർജ് വീട്ടിലില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യമായത്. ജാമ്യം തള്ളിയതു മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രദേശം. പി.സി. ജോർജിന്റെ വാഹനത്തിലായിരുന്നു പൊലീസിന്റെ ശ്രദ്ധ.
എന്നാൽ, ശക്തമായ മഴയുള്ള സമയത്ത് അതിവേഗത്തിൽ വന്ന മറ്റൊരു വാഹനത്തിലാണ് ജോർജ് കടന്നതെന്ന് പിന്നീടാണ് പൊലീസിന് മനസ്സിലായത്. എപ്പോഴാണ് പി.സി. ജോർജ് വീട്ടിൽനിന്ന് പോയതെന്നും ഏതു വാഹനത്തിലാണ് പോയതെന്നും അറിയാൻ വീട്ടിലെ നിരീക്ഷണ കാമറ പൊലീസ് സംഘം പരിശോധിച്ചു.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ പി.സി. ജോർജ് മറ്റൊരു വാഹനത്തിൽ വീട്ടിൽനിന്ന് പോകുന്നതായി നിരീക്ഷണ കാമറയിൽ കണ്ടെത്തി. യാത്ര ചെയ്ത വാഹനത്തിന്റെ ഉടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയതിനാൽ വിവരം ലഭിച്ചില്ല.
സമീപത്ത് ജോർജിന്റെ സഹോദരൻ ചാർളിയുടെ വീട്ടിലും പൊലീസ് പരിശോധന നടത്തി. പനങ്ങാട്, ഈരാറ്റുപേട്ട, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽനിന്നും പൊലീസ് എത്തിയിരുന്നു.