ഫേസ്ബുക്ക് പോസ്റ്റ്:

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിര്‍മാണവേളയില്‍ ഗര്‍ഡറുകള്‍ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങള്‍ വിശദമാക്കാനാണ് ഈ കുറിപ്പ്.

നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തില്‍ മനസിലായിട്ടുള്ളത്. യഥാര്‍ഥകാരണം ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്. അതായത് ഗുണനിലവാര പ്രശ്‌നമല്ല തൊഴില്‍നൈപുണ്യം(workmanship)ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ മാത്രമാണ് അപകടത്തിന് കാരണമായത്. ഗര്‍ഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയില്‍ തന്നെയാണുള്ളത്.

അപകടത്തിന്റെ് കാരണങ്ങളെക്കുറിച്ച്‌ വിശദമാക്കാം.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 2019 മാര്‍ച്ച്‌ ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.ഇതനുസരിച്ച്‌ ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂര്‍ത്തിയായി. സൂപ്പര്‍ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്.

സൈറ്റില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗര്‍ഡറുകളുടെ നിര്‍മാണം.താല്‍ക്കാലിക താങ്ങും ട്രസും നല്‍കി പിയര്‍ ക്യാപിന്റെ മധ്യത്തിലായാണ് ഗര്‍ഡറുകള്‍ നിര്‍മിച്ചത്. തൊണ്ണൂറ് മെട്രിക് ടണ്‍ ആണ് ഓരോ ഗര്‍ഡറിന്റെയും ഏകദേശഭാരം.

ആദ്യ ഘട്ട സ്‌ട്രെസിങ്ങിനു ശേഷം ഓരോ ഗര്‍ഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും.കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗര്‍ഡറുകളെ 100-150മെട്രിക് ടണ്‍ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച്‌ തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയര്‍ത്തും.മെയ് 16 ന് മൂന്നാം ഗര്‍ഡറിനെ പുഴയുടെ രണ്ടു ദിശകളിലായി
രണ്ടു ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച്‌ യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു.

ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങള്‍ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തല്‍ പൂര്‍ത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ രണ്ടാം ഗര്‍ഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗര്‍ഡര്‍ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗര്‍ഡറിന്റെ മേല്‍ പതിച്ചു. ഈ ആഘാതത്തെ തുടര്‍ന്ന് ഒന്നാം ഗര്‍ഡര്‍ പുഴയിലേക്ക് വീഴുകയും ചെയ്തു.

അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്

Leave a Reply

Your email address will not be published. Required fields are marked *