കോഴിക്കോട് ഉള്ളിയേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ കേരള വിഷൻ റിപ്പോർട്ടർ ഫ്രാൻസിസ് ജോഷിയെ കയ്യേറ്റം ചെയ്തതിൽ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉള്ളിയേരി ടൗണിൽ പേരാമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന പച്ചമുളക് എന്ന ഹോട്ടൽ മതിയായ രേഖകളില്ലാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫ്രാൻസിസിനെ ഹോട്ടൽ നടത്തിപ്പുകാരുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറ തട്ടിപ്പറിക്കാനും ശ്രമമുണ്ടായി. സംസ്ഥാനത്ത് അടുത്ത കാലത്തുണ്ടായ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെ റിപ്പോർട്ടിംഗിനെത്തിയ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തത് അപലപനീയമാണെന്നും മാധ്യമപ്രവർത്തകർക്ക്നിർഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനത്തിനുള്ള സാഹചര്യമുണ്ടാകണമെന്നും കെ ആർ എം യു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റഫീക്ക് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു. ലാൽ കുന്ദമംഗലം, മുഹമ്മദ് കക്കാട്, ഹബീബി, മജീദ് താമരശ്ശേരി,ഫൈസൽ കൊടിയത്തൂർ, രാമകൃഷ്ണൻ, നിപിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.