ദുബൈ:ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ അടുത്ത പ്രസിഡന്റായിരിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു.വെള്ളിയാഴ്ച അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായാണ് 61 കാരനായ ശൈഖ് മുഹമ്മദ് രാജ്യത്തിന്റെ മൂന്നാമത്തെ പ്രസിഡന്റായത്.
രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ മൂന്നാമത്തെ മകനാണ് ഇദ്ദേഹം.2005 ജനുവരി മുതല്‍ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറായും ശൈഖ് മുഹമ്മദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അബുദബിയിലെ അല്‍ മുശ്രിഫ് കൊട്ടാരത്തിലായിരുന്നു യോഗം.
യു.എ.ഇ ഭരണാധികാരികളായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി,ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി തുടങ്ങിയവരും പങ്കെടുത്തു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പിന്‍ഗാമിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യു.എ.ഇ.യുടെ പ്രസിഡന്റായി ഐകകണ്ഠേന തെരഞ്ഞെടുത്തതായിപ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയവും അറിയിച്ചു.