https://www.instagram.com/reel/CdddytuDTji/?igshid=YmMyMTA2M2Y=

ഓമശ്ശേരി : അഞ്ചുപതിറ്റാണ്ട് നാടിനാകെ തണൽ നൽകിയ മരമുത്തശ്ശിയുൾപ്പെടെ ഓമശ്ശേരിയിലെ മുഴുവൻ തണൽമരങ്ങളുടെയും കടയ്ക്കൽ കോടാലിവീണു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. രാത്രിയായതോടെ സ്ഥിരം മരങ്ങളിൽ താമസിക്കുന്ന പക്ഷികളുടെ കൂട്ട കരച്ചിലായിരുന്നു.

വിപണിയിൽ ആവശ്യക്കാരില്ലാത്ത ചീനിമരം ലേലത്തിൽ പിടിക്കാൻ ആരും ഇല്ലാതായതോടെ മരംമുറി വൈകിയിരുന്നു. പിന്നീട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ കച്ചവടക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ലേലത്തിൽ പങ്കെടുക്കാൻ ആളുകൾ തയ്യാറായത്. ഓമശ്ശേരി ജങ്ഷനിലെ ഭീമൻമരം മുറിക്കാൻ വലിയ ചെലവ് വരുമെന്നതായിരുന്നു കച്ചവടക്കാരുടെ ആശങ്ക.

വലിയ യന്ത്രസഹായത്തോടെ മാത്രമേ മുറിച്ചതിനുശേഷം മരം അവിടെനിന്ന് മാറ്റാനാകൂ. മുറിക്കുംമുമ്പേ മരത്തിനടുത്തുനിന്ന് ഫോട്ടോ എടുക്കാനും മരത്തിന് യാത്രാമൊഴിയേകാനും നാട്ടുകാർ മറന്നില്ല. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ സാമൂഹികമാധ്യമക്കൂട്ടായ്മകളിലും മുത്തശ്ശിമരം തന്നെയായിരുന്നു പ്രധാന ചർച്ച. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ, വാർഡ് അംഗങ്ങളായ ആനന്ദകൃഷ്ണൻ, പി.കെ. ഗംഗാധരൻ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചു മാറ്റിയത്

യാത്രപറയാൻ അഹമ്മദ്കുട്ടിയുമെത്തി

‘‘അമ്പത് വർഷംമുമ്പ് ഓമശ്ശേരി അങ്ങാടിയിൽ ചരക്കുനീക്കത്തിന് കാളവണ്ടികൾ മാത്രമുണ്ടായിരുന്ന കാലത്ത് പാച്ചൻതോടിന്റെ ഓരത്തുനിന്ന് പറിച്ചെടുത്ത് നട്ടതാണ് ഈ ചീനിമരം. വളരുന്നതിനിടെ പശു കടിച്ചു. അതിനുശേഷം സുഹൃത്തായ മൂത്തോറനോട് കുട്ട മടയിപ്പിച്ച് സംരക്ഷിച്ചു.’’ വേദനയോടെ അഹമ്മദ് കുട്ടി പിന്നിട്ടകാലം ഓർത്തെടുത്തു. അങ്ങാടിയിൽ താൻ നട്ടുപിടിപ്പിച്ച ചീനിമരം അഞ്ചുപതിറ്റാണ്ടിലധികമായി നാടിന് തണലേകുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് തെച്യാട് തറോൽ പറയരുകണ്ടി അഹമ്മദ്കുട്ടി ആളുകളുമായി പങ്കുവെച്ചിരുന്നത്. കൂറ്റൻ ചീനിമരത്തിന്റെ കടയ്ക്കൽ കോടാലി വീഴുമെന്നതറിഞ്ഞതുമുതൽ അദ്ദേഹം വലിയ വിഷമത്തിലായിരുന്നു. 1970-ലാണ് അദ്ദേഹം ഓമശ്ശേരി ജങ്ഷനിൽ ചീനിമരത്തൈ നട്ടുപിടിപ്പിച്ചത്. ഓമശ്ശേരിയിൽ എത്തിയാൽ സ്ഥിരമായി മരത്തിനരികിൽ പോകുമായിരുന്നു. ഒടുവിൽ ചീനിമരത്തോട് യാത്രപറയാനെത്തിയ അഹമ്മദ്കുട്ടി അതിനെ തൊട്ടും തലോടിയും ഒപ്പംനിന്ന് ഫോട്ടോയും എടുത്താണ് മടങ്ങിയത്. പ്രകൃതിസ്നേഹിയായ ഇദ്ദേഹം തെച്യാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഡ്രൈവറാണ്. പലയിടങ്ങളിലും സ്വന്തമായി മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *