NADAMMELPOYIL NEWS
MAY 12/22

ന്യൂഡല്‍ഹി: പാന്‍, ആധാര്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവര്‍ക്ക് ഇനി മുതല്‍ ബാങ്കിലെ ലക്ഷങ്ങളുടെ ഇടപാടുകള്‍ പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഇതു സംബന്ധിച്ച പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്.
ഉയര്‍ന്ന തുകയ്ക്ക് ഇപ്പോള്‍ തന്നെ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകും.
വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം.

കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ ഇടപാടുകള്‍ക്ക് അനുമതി ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *