NADAMMELPOYIL NEWS
MAY 13/22
ദില്ലി: ഒടുവില്‍ കെ വി തോമസിനെ പുറത്താക്കി കോണ്‍ഗ്രസ് (Congress. തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം തുടങ്ങിയതിന് പിന്നാലെയാണ് നടപടി.
ഇനി കാത്തിരിക്കാന്‍ കഴിയില്ലെന്നും കെ വി തോമസിന് തൃക്കാക്കരയില്‍ ഒരു ചുക്കും ചെയ്യാനാകില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരന്‍ അറിയിച്ചു.
കെ വി തോമസുമായി അവശേഷിച്ചിരുന്ന സാങ്കേതിക ബന്ധം കൂടി കോണ്‍ഗ്രസ് മുറിച്ചുമാറ്റി. പാര്‍ട്ടിയെ നിരന്തരം വെല്ലുവിളിച്ചിട്ടും തോമസിനെ ഇതുവരെ അവഗണിച്ചു വിടുകയായിരുന്നു കെപിസിസി. അച്ചടക്കലംഘനത്തിന്‍റെ എല്ലാ അതിരും ലംഘിച്ച് തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഇറങ്ങി, മുഖ്യമന്ത്രിയെ പുകഴ്ത്തി, കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചതോടെയാണ് പുറത്താക്കാല്‍. കെ സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കെ വി തോമസിന്‍റെ നാടായ കുമ്ബളങ്ങിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ വി തോമസിന്‍റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് മുതല്‍ തോമസും കോണ്‍ഗ്രസും തമ്മിലെ ഭിന്നത രൂക്ഷമായിരുന്നു. പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കിയ തോമസിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നില്ല. ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് തോമസ് പ്രഖ്യാപിച്ചിട്ടും പാര്‍ട്ടി കാത്തിരുന്നു. ഒടുവില്‍ തോമസ് സ്വയം എതിര്‍ചേരിയിലേക്ക് പോയതോടെ കെപിസിസിക്ക് കാര്യങ്ങള്‍ എളുപ്പമായി. പുറത്താക്കി വീരനായി ഇടത് പാളയത്തിലേക്കുള്ള തോമസിന്‍റെ പോക്ക് ഒഴിവാക്കലായിരുന്നു കോണ്‍ഗ്രസ് തന്ത്രം. തോമസിനെ സംരക്ഷിക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇനി പ്രചാരണത്തില്‍ ഇടതിനായി സജീമവാകുന്ന തോമസിനുള്ള പദവികള്‍ സിപിഎം തെരഞ്ഞെടുപ്പിന് ശേഷമാകും തീരുമാനിക്കുക.