കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് സിന്‍റിക്കറ്റിനോട് ശുപാര്‍ശ ചെയ്തതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
ഡിഗ്രി രണ്ടാം സെമസ്റ്ററിലെ റൈറ്റിംഗ് ഫോര്‍ അക്കാദമിക്ക് ആന്‍്റ് പ്രൊഫഷണല്‍ സക്സസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങള്‍ അവര്‍ത്തിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 4 നായിരുന്നു പരീക്ഷ നടന്നത്. പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സര്‍വ്വകലാശാല ഉത്തരവിട്ടു. ഏപ്രില്‍ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നിരിക്കെ നടപടിയും എടുത്തിരുന്നില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായിറങ്ങി. പ്രതിഷേധം കടുത്തതോടെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ പരീക്ഷ കണ്‍ട്രോളര്‍ തീരുമാനിച്ചത്. പുന: പരീക്ഷ ഏപ്രില്‍ 25 ന് തന്നെ നടക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.