NADAMMELPOYIL NEWS
APRIL 23/22
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് കേസ് പ്രതിയെ കുടുക്കിയത് രാത്രി സമയത്ത് ഭാര്യയുമായുള്ള വാട്‌സാപ്പ് ചാറ്റ്. ഭാര്യയുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് പ്രതി വലയിലായത്. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ(38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണില്‍ ഭാര്യയുമായി നിഖില്‍ ബന്ധപ്പെടുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പ്രതിയെ വലയിലാക്കിയത്.
ഹരിദാസന്‍ വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്.
പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കണ്ണൂര്‍ പിണറായി പാണ്ട്യാലമുക്കിലെ പ്രശാന്തിന്റെ വീട്ടിലാണ് പ്രതിയായ നിഖില്‍ ദാസ് ഒളിവില്‍ താമസിച്ചത്. പ്രശാന്തിന്റെ ഭാര്യ രേഷ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് ജോലിചെയ്യുന്ന പ്രശാന്ത് സിപിഎം അനുഭാവിയായി ആണ് നാട്ടില്‍ അറിയപ്പെടുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടില്‍ വെച്ചാണ് നിഖില്‍ ദാസിനെ പോലീസ് പിടികൂടിയത്. ഹരിദാസന്‍ വധക്കേസിലെ പതിനാലാമത്തെ പ്രതിയാണ്. ന്യൂ മാഹി എസ്.ഐമാരായ വിപിന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് പുന്നോല്‍ ഹരിദാസന്‍ കൊലചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ നിഖിലിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് പങ്ക് വ്യക്തമായത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസില്‍ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.