തിരുവനന്തപുരം∙ കേന്ദ്രസർക്കാർ 7 മാസം മുൻപ് ഉത്തരവിറക്കിയിട്ടും കേരളം മടിച്ചു നിന്ന ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന റജിസ്ട്രേഷൻ സംസ്ഥാനത്തു നടപ്പാക്കണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരെ അപ്പീൽ സമർപ്പിക്കാൻ ഗതാഗത വകുപ്പും. സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ കേന്ദ്രസർക്കാരിലെയും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരിൽ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിൽ എറണാകുളം സ്വദേശിക്കാണ് ആദ്യ അനുകൂല കോടതി വിധി ലഭിച്ചത്. പരാതിക്കാരന്റെ വാഹനം ബിഎച്ച് റജിസ്ട്രേഷൻ നടത്തിക്കൊടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇൗ ഉത്തരവിന്റെ ചുവടുപിടിച്ച് മറ്റുള്ളവരും കോടതിയെ സമീപിച്ച് അനുകൂല വിധി നേടുമെന്നതിനാലാണ് അപ്പീലിനു ഗതാഗതവകുപ്പ് തയാറെടുക്കുന്നത്. എന്നാൽ, രാജ്യത്തെ 19 സംസ്ഥാനങ്ങൾ ഇൗ നയം നടപ്പാക്കിയപ്പോൾ കേരളത്തിനു മാത്രമായി മാറിനിൽക്കാനാകില്ലെന്നു നിയമവിദഗ്ധർ വ്യക്തമാക്കുന്നു.
കർണാടകയും തമിഴ്നാടും നടപ്പാക്കിയതു പോലെ കേന്ദ്രസർക്കാരിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു മാത്രമെങ്കിലും ബിഎച്ച് റജിസ്ട്രേഷൻ നടപ്പാക്കുന്നതിനും ഗതാഗതവകുപ്പ് ആലോചിക്കുന്നു. അങ്ങനെ വന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരെയും നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഇതിൽനിന്ന് ഒഴിവാക്കേണ്ടിവരും. സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാനാണ് ‘ഭാരത് സീരീസ്’ എന്ന പേരിൽ ഏകീകൃത റജിസ്ട്രേഷൻ സംവിധാനം കേന്ദ്രം തുടങ്ങിയത്.
സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന സർക്കാരിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ബിഎച്ച് റജിസ്ട്രേഷൻ കേന്ദ്രം നടപ്പാക്കിയത്. വാഹനനികുതി 15 വർഷത്തിലൊരിക്കൽ അടയ്ക്കുന്ന നിലവിലെ രീതിക്കു പകരം 2 വർഷത്തിലൊരിക്കൽ അടച്ചാൽ മതിയെന്നതും 8% മുതൽ 12% വരെ മാത്രമേ വാഹന നികുതിയുള്ളൂ എന്നതുമായിരുന്നു കേന്ദ്ര പദ്ധതിയുടെ നേട്ടം. കേരളത്തിൽ നിലവിൽ വാഹന നികുതി 9% മുതൽ 21% വരെയാണ് ഇൗടാക്കുന്നത്.
പുതിയ വാഹനം വാങ്ങുന്നവർക്ക് വലിയ സാമ്പത്തിക ലാഭമാണ് ബിഎച്ച് റജിസ്ട്രേഷൻ വഴിയുണ്ടാകുക. 300 കോടിയുടെ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനം ഇതു നടപ്പാക്കാത്തത്. ഭാരത് റജിസ്ട്രേഷൻ വരുമ്പോൾ വാഹനം വാങ്ങാൻ കാത്തിരുന്ന ആയിരക്കണക്കിനു ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിച്ചില്ല.
വാഹന ഉടമയ്ക്ക് വൻ ലാഭം
കേരളത്തിൽ നികുതി ഏർപ്പെടുത്തുന്നത് വാഹനവില, ജിഎസ്ടി, കോംപൻസേറ്ററി സെസ് എന്നിവ ചേർന്ന തുകയുടെ മുകളിലാണ്. 28% ആണ് ജിഎസ്ടി. വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള കോംപൻസേറ്ററി സെസ് 22% വരെയാണ് ഇൗടാക്കുന്നത്. എന്നാൽ കേന്ദ്ര റജിസ്ട്രേഷനിൽ വാഹനവില മാത്രം കണക്കാക്കി അതിന്റെ മുകളിലാണ് നികുതി ഏർപ്പെടുത്തുന്നത്. ഇതോടെ ഉപയോക്താവിന് വലിയ ലാഭമുണ്ടാകും.
English Summary: Kerala Delaying BH series Vehicle Registration