ഒരു കാലത്ത് അംബാസിഡറായിരുന്നു മന്ത്രിമാരുടെ ഔദ്യോഗിക വാഹനം. സർക്കാർ ജീവനക്കാർ മുതൽ മന്ത്രിമാർ വരെ അംബാസിഡറിലെ യാത്രക്കാരായിരുന്നു. എന്നാൽ ടൊയോട്ടയുടെ ഇന്നോവ വളരെ പെട്ടെന്നാണ് അംബാസിഡറിന്റെ സ്ഥാനം കൈക്കലാക്കിയത്. ഇന്ന് മുഖ്യമന്ത്രി മുതൽ ഉദ്യോഗസ്ഥർക്ക് വരെ ഇന്നോവയോടാണ് താൽപര്യം. എന്തുകൊണ്ടാണ് ഈ വാഹനത്തോട് ആളുകൾക്ക് ഇത്ര താൽപര്യം. എന്തുകൊണ്ടായിരിക്കും ഇന്നോവ ഇഷ്ട വാഹനമായി മാറുന്നത്.

ക്വാളിസിന്റെ പിൻഗാമി ഇന്നോവ

ക്വാളിസിലൂടെയാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നത്. 2000 മുതൽ 2004 വരെ വിപണിയിൽ സജീവമായിരുന്ന ക്വാളിസിന് പകരം ഇന്നോവയെത്തുന്നത് 2004 ലാണ്. പുറത്തിറങ്ങിയ കാലം മുതൽ എംയുവി വിപണിയിലെ രാജാവായി മാറി ഇന്നോവ. ആദ്യമെത്തിയ ഇന്നോവയും പിന്നീട് എത്തിയ ക്രിസ്റ്റയുമെല്ലാം വിപണിയിലെ രാജാവായി തുടരുന്നു. 2004ൽ വിപണിയിലെത്തി നീണ്ട 18 വർഷത്തിനിപ്പുറവും ഇന്ത്യയിലെ ഏറ്റവും വിൽപനയുള്ള എംയുവികളിലൊന്നാണ് ഇന്നോവ.

ടൊയോട്ടയുടെ വിശ്വാസ്യത

ടൊയോട്ട എന്ന ബ്രാൻഡ് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുറഞ്ഞ പരിപാലന ചിലവും മികച്ച എൻജിനുമെല്ലാം ഇന്നോവയുടെ വിജയത്തിന് കൂട്ടായി മാറി. ടാക്സ് സെഗ്‌മെന്റിൽ ലഭിച്ച സ്വീകാര്യത തന്നെയാണ് ഇന്നോവയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. കുറഞ്ഞ ചിലവിൽ കൂടുതൽ ഓടുന്ന വാഹനം എന്ന പേര് തുടക്കത്തിൽ തന്നെ ഇന്നോവയ്ക്ക് നേടിയെടുക്കാൻ സാധിച്ചു. നിർമാണ നിലവാരത്തിന്റെ കാര്യത്തില്‍ ഇന്നോവ മികച്ചു നിൽക്കുന്നു.

യാത്രാ സുഖം

ഇന്നോവയുടെ യാത്ര സുഖം നൽകുന്ന വാഹനം വേറെയില്ലെന്നാണ് ആരാധകർ പറയുന്നത്. മികച്ച സീറ്റുകളും ധാരാളം ഹെഡ്‍റൂമും ലെഗ്‍റൂമും ഇന്നോവയുടെ യാത്ര സുഖം വർധിപ്പിക്കുന്നു. സാധാരണ എംയുവികളിൽ കാണാറുള്ളതുപോലെ ഇടുങ്ങിയ മൂന്നാം നിരയല്ല എന്നതും ഇന്നോവയുടെ ഗുണമായി മാറി. എല്ലാം നിര സീറ്റുകൾക്കും നൽകിയിരിക്കുന്ന ഏസി വെന്റുകൾ ആദ്യകാലത്ത് സെഗ്മെന്റിലെ ഇന്നോവയുടെ മാത്രം പ്രത്യേകതയായിരുന്നു.

ടൊയോട്ടയുടെ സർവീസ്

ഉപഭോക്താക്കളെക്കൊണ്ട് പരാതി പറയിപ്പിക്കാത്ത സർവീസ് ടൊയോട്ടയുടെ പ്രത്യേകതയാണ്. എല്ലാത്തരത്തിലും നിലവാരം ഉറപ്പിക്കാവുന്ന സർവീസ്. ഇടയ്ക്കിടെ സർവീസ് സെന്റർ സന്ദർശിക്കേണ്ടി വരില്ല എന്നത് പ്ലസ് പോയിന്റ്. ഇന്നോവയാണെങ്കിലും പോക്കറ്റ് കീറാത്ത സർവീസ് കോസ്റ്റും.

റീസെയിൽ വാല്യു

ഉന്നത നിർമാണ നിലവാരമുള്ള വാഹനങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം തോറ്റുപോയത് റീസെയിൽ വാല്യുവിലാണ്. വിറ്റാൽ കാശുപോകുന്ന വാഹനം എന്ന ചീത്തപ്പേര് ഇന്നോവയ്ക്കില്ല. അഞ്ചു വർഷം പഴക്കമുള്ള വാഹനത്തിനും ലഭിക്കുന്ന മികച്ച വില ഇന്നോവയെ ഉപഭോക്താക്കളുടെ പ്രിയ വാഹനമാക്കുന്നു.

എതിരാളികള്‍ 

ഇന്നോവയുടെ ജനപ്രീതിയെ ചോദ്യം ചെയ്യാൻ പോന്ന അധികം വാഹനങ്ങൾ വിപണിയിലില്ല. എംയുവി സെഗ്മെന്റിനെ ലക്ഷ്യം വെച്ച് നിരവധി ആളുകൾ വരുന്നുണ്ടെങ്കിലും അവയൊന്നും ഇന്നോവയോളം ലക്ഷ്യം കാണാതെ പോകുന്നു.

English Summary: Reason Why Toyota Innova Most Popular Car in India

Leave a Reply

Your email address will not be published. Required fields are marked *