അപകടങ്ങൾ കുറയ്ക്കാനാണ് ഓരോ റോഡിലും വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ദേശീയപാതകളിലെ വേഗപരിധിയായിരിക്കില്ല സംസ്ഥാന പാതകളിൽ. അതുപോലെ തന്നെ നഗരപരിധിയിലും സ്കൂൾ പരിസരങ്ങളിലുമെല്ലാം പരമാവധി വേഗത്തിന്റെ പരിധി കുറവായിരിക്കും. ഈ വേഗപരിധി പാലിച്ചു വാഹനമോടിക്കണം എന്നാണ് മോട്ടര്‍ വാഹന നിയമത്തിൽ പറയുന്നത്. നിയമ ലംഘനം തടയാൻ പുതിയതായി 700 ല്‍ അധികം ക്യാമറകൾ റോഡുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ ഓരോ റോഡിലെയും പരമാവധി വേഗത്തിന്റെ കണക്ക് നാം എങ്ങനെയറിയും?
നാലുവരി ദേശീയ പാതയിലൂടെ പോകുന്നവർക്ക് പരമാധി വേഗം 90 കിലോമീറ്ററാണെന്നും ആ വേഗത്തിന് അപ്പുറം പോയാൽ നിയമലംഘനമാണെന്നും അറിയാം. എന്നാൽ അതേ അവസ്ഥ ആയിരിക്കില്ല സംസ്ഥാന പാതകളിലൂടെയും മറ്റും സഞ്ചരിക്കുന്നവർക്ക്, ചില സ്ഥലങ്ങളിൽ വേഗ പരിധി കൂടുതലും കുറവുമായിരിക്കും. എന്നാൽ ഇത് സൂചിപ്പിക്കുന്ന ബോർഡുകൾ അധികം കണ്ടിട്ടുമില്ല.
നിയമത്തിൽ പറയുന്നത്
മോട്ടർ വെഹിക്കിൾ ആക്ട് 1988, സെക്‌ഷൻ 112 പ്രകാരമാണ് ഓരോ റോഡിലും സഞ്ചരിക്കാവുന്ന പരമാവധി വേഗവും കുറഞ്ഞ വേഗവും നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതേ നിയമപ്രകാരം മോട്ടര്‍ സൈക്കിളുകൾ, കാറുകൾ, ലോറികൾ തുടങ്ങി വിവിധ ക്ലാസിലുള്ള വാഹനങ്ങളുടെ പരമാവധി വേഗ പരിധി അറിയിക്കുന്ന ബോർഡുകൾ റോഡിൽ ഉണ്ടായിരിക്കണമെന്നുമുണ്ട്. കൂടാതെ റോഡുകളുടെ ക്ലാസിഫിക്കേഷനിൽ മാറ്റം വരുത്തിയാൽ അതു ഗസറ്റിൽ പരസ്യപ്പെടുത്തണമെന്നുമുണ്ട്. ഏതു വേഗപരിധിയിലുള്ള റോഡിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് ഡ്രൈവറെ അറിയിച്ചതിന് ശേഷമായിരിക്കണം അമിതവേഗത്തിന് പിഴ ഈടാക്കേണ്ടത്.
കോടികൾ മുടക്കി ക്യാമറകൾ നാട്ടിൽ മുഴുവൻ സ്ഥാപിക്കുന്നതിന് മുമ്പ് എത്ര സ്ഥലത്ത് വേഗപരിധി പ്രദർശിപ്പിച്ചിട്ടുണ്ട് എന്നും കൂടി നോക്കേണ്ടതാണ്. മിക്ക രാജ്യങ്ങളിലും വേഗക്യാമറകൾ വരുന്നതിന് മുമ്പ് നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പും കാണും. എന്നാൽ ഇവിടെ വളവിൽ ഒളിച്ചിരുന്ന് വാഹനങ്ങൾക്ക് പിഴ ഈടാക്കുന്ന പൊലീസിന്റെ രീതി തന്നെയാണ് ക്യാമറകൾക്കും.
ബോർഡുകളില്ല, പിഴ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്
അമിതവേഗത്തിന് പിഴ ഈടാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിൽ പിഴ റദ്ദാക്കിക്കൊണ്ട് ഹൈകോടതി നടത്തിയ പരാമർശങ്ങൾ ഇപ്പോഴും പ്രസ്കതമാണ്. മോട്ടർ വാഹന നിയമം അനുസരിച്ച് ഓരോ റോഡിലും വാഹനം ഓടിക്കാവുന്ന പരമാവധി വേഗം രേഖപ്പെടുത്തിയിട്ടില്ലെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. മോട്ടർവാഹന നിയമത്തിൽ പറയുന്ന കാര്യങ്ങൾ പാലിക്കാതെ സർക്കാർ സംവിധാനങ്ങൾ അമിതവേഗത്തിന് മാത്രം പിഴയിടുന്നു എന്ന സിജു കമാലാസിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി. കൂടാതെ മോട്ടർ വാഹന നിയമം അനുസരിച്ച് ഇത്തരത്തിൽ പിഴ നൽകുന്നതിനുള്ള അധികാരം ഹൈടെക് ട്രാഫിക് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിനുമില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്: അഡ്വക്കറ്റ് വിനോദ് മാത്യു വിൽസൻ
English Summary: No Overspeed Fine Without Speed Indicator Board