തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിച്ചേക്കും. ഗതാഗതമന്ത്രി ആന്‍്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും. യാത്രാനിരക്ക് വര്‍ധനയില്‍ സര്‍ക്കാര്‍ ജാഗ്രതയോടുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും ആന്‍്റണി രാജു പറഞ്ഞു. കൊവിഡ് കാലത്തെ യാത്രാനിരക്ക് വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ കണ്‍സെഷന്‍ നിരക്കില്‍ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് കമ്ബനിയുടെ ബസുകള്‍ അപകടത്തില്‍പ്പെട്ടത് ​ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ​ഗൗരവമുള്ള അപകടമല്ല ഉണ്ടായത്. ചെറിയ സംഭവം മാത്രമാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം പൊലിപ്പിച്ചു കാണിച്ചോ എന്നൊരു സംശയമുണ്ട്. കെ സ്വിഫ്റ്റ് ഡ്രൈവര്‍മാരോട് പ്രത്യേകം ജാ​ഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാത്തതാണ് അപകടത്തിന് കാരണമെന്ന വിമര്‍ശനവും മന്ത്രി തള്ളി.

കെഎസ്‌ആര്‍ടിസിയിലെ ശമ്ബളവിതരണത്തില്‍ ഈ മാസം പ്രത്യേക പ്രതിസന്ധിയാണുളളതെന്നും ശമ്ബളം പരിഷ്കരണം നടന്നതോടെ ഒരു മാസം അധികമായി നാല്‍പ്പത് കോടിയോളം രൂപ സ്വരൂപിക്കേണ്ട നിലയാണെന്നും മന്ത്രി വിശദീകരിച്ചു. ഇന്ധനവില വര്‍ധനവും പണിമുടക്കും കെഎസ്‌ആര്‍ടിസിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു. സംഘടനകളുടെ സമ്മേളനത്തിനായി ട്രിപ്പുകള്‍ മുടക്കിയതും വലിയ തിരിച്ചടിയായി. ശമ്ബള വിതരണത്തിന് സര്‍ക്കാര്‍ സഹായം തേടിയിട്ടുണ്ടെന്നും ധനവകുപ്പിന്‍്റെ ക്ലിയറന്‍സ് കിട്ടിയാല്‍ ഉടനെ ശമ്ബളം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *