2022 | ഏപ്രിൽ 13 | ബുധൻ | 1197 | മീനം 30 | മകം
◼️യുക്രെയിനിലെ തുറമുഖ നഗരമായ മരിയൂപോളില്‍ റഷ്യ രാസായുധം പ്രയോഗിച്ചെന്ന് യുക്രെയിന്‍. നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ആക്രമണങ്ങളെ ജനങ്ങള്‍ ചെറുത്തുകൊണ്ടിരിക്കേയാണ് റഷ്യ രാസായുധം പ്രയോഗിച്ചതെന്ന് യുക്രെയിന്‍ പറഞ്ഞു. രാസായുധം പ്രയോഗിച്ചാല്‍ നാറ്റോ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. രാസായുധം പ്രയോഗിച്ചോയെന്നു സ്ഥിരീകരണം ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ബ്രിട്ടന്‍.
◼️കോണ്‍ഗ്രസിലെ ജി 23 നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന പത്തു നേതാക്കളുമായി രണ്ടു ദിവസത്തിനകം പാര്‍ട്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് രാഹുലിന്റെ ചര്‍ച്ച.
◼️ഒരേ സമയം രണ്ടു ബിരുദ കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാവുന്നതാണെന്നു യൂജിസി. അടുത്ത അധ്യയന വര്‍ഷം മുതല്‍ വ്യത്യസ്ത കോളജുകളില്‍ ബിരുദത്തിനു ചേരാന്‍ അവസരമുണ്ടാകും. മൂന്നാം വര്‍ഷ ബിരുദ കോഴ്സിനു പഠിക്കുന്നവര്‍ക്ക് മറ്റൊരു ബിരുദ കോഴ്സില്‍ ചേരാനും അനുമതിയുണ്ടാകും.
◼️മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിയുടെ ഭാര്യ ആശയുടെ കോഴിക്കോട് വേങ്ങരയിലെ വീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു പ്ളസ് ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് നടപടി.
◼️കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ഷെജിനും വിദേശത്തു നഴ്സായ ജോയ്‌സ്നയും തമ്മിലുള്ള വിവാഹത്തെ ലൗ ജിഹാദെന്നു വിശേഷിപ്പിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ്. ഒളിച്ചോടേണ്ട ആവശ്യം ഇല്ലായിരുന്നു. ജോര്‍ജ് എം തോമസ് വിമര്‍ശിച്ചു. പ്രണയം പാര്‍ട്ടിയില്‍ അറിയിക്കേണ്ടതായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥിനികളെ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ മിശ്ര വിവാഹിതരായ ഇരുവര്‍ക്കും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഫേസ് ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചു.
◼️ലവ് ജിഹാദ് അല്ലെന്നും ഏഴുമാസമായി പ്രണയത്തിലായിരുന്നെന്നും മിശ്രവിവാഹിതരായ ജോയ്സനയും ഷെജിനും. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമാണ് നൂറാംതോട് സ്വദേശിയായ ഷെജിന്‍. സൗദിയില്‍ നഴ്സായ ജോയ്സന ജോസഫ് മറ്റൊരു വിവാഹ നിശ്ചയത്തിനു രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ചയാണ് ഇരുവരും സ്ഥലംവിട്ടത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പ്രതിഷേധിച്ച് നാട്ടുകാര്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. ഇതോടെ ഇന്നലെ രാവിലെ ജോയ്സന കോടതിയില്‍ ഹാജരാകുകയായിരുന്നു.
◼️ലൗ ജിഹാദുണ്ടെന്ന് സമ്മതിച്ച ജോര്‍ജ് എം തോമസ് പ്രസ്താവന മാറ്റിപറഞ്ഞില്ലെങ്കില്‍ സിപിഎമ്മില്‍നിന്നു പുറത്താകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കോടഞ്ചേരിയില്‍നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◼️കാക്കവയലില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ നാലു വയസ്സുള്ള കുട്ടി ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️ഭാര്യയെ അച്ഛന്റെ മുന്നിലിട്ട് പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. തൃശൂര്‍ ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ ബിരാജു (43) വിനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. നഷ്ടപരിഹാരം കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന് നല്‍കണം. 2018 ഏപ്രില്‍ 29 നാണ് കൊലപാതകം നടന്നത്.
◼️വിഷുക്കൈനീട്ടം നല്‍കാന്‍ പൊതുജനങ്ങളില്‍നിന്നു പണം വാങ്ങരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കായിട്ടാണ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷുക്കൈനീട്ടം നല്‍കാനെന്ന പേരില്‍ പൊതുജനങ്ങളില്‍നിന്നു പണം ശേഖരിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.
◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ രണ്ടു ബസുകള്‍ ആദ്യദിനം തന്നെ അപകടത്തില്‍ പെട്ടു. രണ്ട് അപകടങ്ങളിലും യാത്രക്കാര്‍ക്ക് പരിക്കില്ല. എന്നാല്‍ ബസ്സുകള്‍ക്ക് കേടുപാടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡിജിപിക്ക് പരാതി നല്‍കി.
◼️കെ.എസ്.ഇ.ബി ബജറ്റിലെ കണക്കുകളെച്ചൊല്ലിയും വിവാദം. താരീഫില്‍നിന്നുള്ള വരുമാനം 15,644 കോടി രൂപയായിരിക്കേ ഈ വര്‍ഷം വരുമാനം 17,323 കോടി രൂപയാകുമെന്ന ബജറ്റ് നിര്‍ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂണിയനുകള്‍. 496 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണു ബജറ്റിലെ കണക്ക്. ഉത്തരവാദികളായ കെ.എസ്.ഇ.ബിയുടെ സിഎംഡിക്കും ഫിനാന്‍സ് ഡയറക്ടര്‍ക്കുമെതിരേ നടപടി വേണമെന്നും യൂണിയന്‍ നേതാക്കള്‍.
◼️തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിച്ചിരിക്കേ, കാവ്യാ മാധവനെയും ദിലീപിന്റെ ബന്ധുക്കളേയും ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്യും. സാക്ഷിയായ കാവ്യയെ വീട്ടില്‍വച്ചും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും സഹോദരി ഭര്‍ത്താവ് സുരാജിനേയും പോലീസ് ക്ലബില്‍വച്ചുമാണു ചോദ്യം ചെയ്യുക. ഫോണെടുക്കാതിരുന്ന ഇരുവര്‍ക്കുമുള്ള നോട്ടീസ് വീടിനുമുന്നില്‍ പതിച്ചെന്ന് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന് ഏപ്രില്‍ 15 വരെയാണ് കോടതി സാവകാശം നല്‍കിയിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും തുടരന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടിയും ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്.
◼️നിലമ്പൂരില്‍ ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയില്‍ ഷബീര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.
◼️തൊടുപുഴ പീഡന കേസില്‍ ഇരയുടെ അമ്മ അറസ്റ്റില്‍. ചികിത്സയിരിക്കെ ആശുപത്രിയില്‍ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിന്റേയും പോലീസ് കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
◼️എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാന്‍ – ആസിയ ദമ്പതികളുടെ മകനെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
◼️ആലുവ ഹൈവേ കവര്‍ച്ചാ കേസിന്റെ സൂത്രധാരന്‍ പിടിയില്‍. തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ നല്‍കിയ പാലക്കാട് സ്വദേശി മുഹീബാണ് അറസ്റ്റിലായത്. മാര്‍ച്ച് 31 നാണ് പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുള്‍പ്പെടെ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സജീറിനെ കളമശേരിയില്‍ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.
◼️ഗുജറാത്തിലെ പാട്ടിദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഗുജറാത്ത് ഹൈക്കോടതി സ്റ്റേ അനുവദിക്കേണ്ട വിഷയമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. 2015 ലെ കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത് മെഹ്സാന സെഷന്‍സ് കോടതിയാണ്.
◼️മുസ്‌ളിംകളെ സമാധാനത്തോടെയും അന്തസോടെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പ. മുസ്ലീംകളുടെ സ്ഥാപനങ്ങള്‍ക്കെതിരേ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന. മുസ്ലീങ്ങളുടെ പഴവണ്ടികള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചതിന് ശ്രീരാമസേനയിലെ നാലുപേരെ ധാര്‍വാഡില്‍ അറസ്റ്റ് ചെയ്തിരുന്നു.
◼️ന്യൂയോര്‍ക് നഗരത്തില്‍ ആക്രമണം. 13 പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് മാസ്‌ക് ധരിച്ചെത്തിയ ആള്‍ ബോംബെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
◼️ജൂനിയര്‍ വനിതാ ഹോക്കി ലോകകപ്പിലെ വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടാണ് ഇന്ത്യയെ കീഴടക്കിയത്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 3-0 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
◼️ഐപിഎല്‍ 2022ലെ ആദ്യജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 23 റണ്‍സിന് തകര്‍ത്താണ് ചെന്നൈ ആദ്യ വിജയം നേടിയത്. ചെന്നൈ ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 46 പന്തുകളില്‍ നിന്ന് 94 റണ്‍സെടുത്ത ശിവം ദുബെയും 50 പന്തുകളില്‍ നിന്ന് 88 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
◼️മ്യൂച്വല്‍ഫണ്ടുകളിലെ ഇക്വിറ്റി വിഭാഗത്തിലേക്ക് മാര്‍ച്ചിലെത്തിയ നിക്ഷേപം 28,463 കോടി രൂപ; എക്കാലത്തെയും ഉയരമാണിത്. ഫെബ്രുവരിയില്‍ ലഭിച്ച 19,705 കോടി രൂപയേക്കാള്‍ 44 ശതമാനം അധികമാണിത്. ഓഹരിവിപണി ശക്തമായി ചാഞ്ചാടിയ മാസമായിട്ടും മാര്‍ച്ചില്‍ മിഡ്-കാപ്പ് ഫണ്ടുകള്‍ 9,695 കോടി രൂപയും ലാര്‍ജ് ആന്‍ഡ് മിഡ് കാപ്പ് ഫണ്ടുകള്‍ 3,165 കോടി രൂപയും നേടി. ഫെബ്രുവരിയില്‍ ഇത് യഥാക്രമം 585 കോടി രൂപയും 2,036 കോടി രൂപയും ആയിരുന്നു. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമിലേക്ക് 2,676 കോടി രൂപയും ഫ്ളെക്‌സി-കാപ്പുകളിലേക്ക് 2,549 കോടി രൂപയും ഒഴുകിയെത്തി.
◼️ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍ മോഡലായ ഐഫോണ്‍ 13 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണ പങ്കാളിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ ഉല്‍പ്പന്നം അസംബിള്‍ ചെയ്യാനാണു തീരുമാനം. അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചടക്കുന്നതിനൊപ്പം രാജ്യാന്തര വിപണിയിലെ അപ്രമാധിത്യം തുടരുകയാണ് ആപ്പിളിന്റെ ലക്ഷ്യം. രാജ്യത്തിനകത്തു തന്നെ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെ മോഡലുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍.
◼️ഒരു വര്‍ഷത്തിനു ശേഷം ഏപ്രില്‍ 13 ന് തിയറ്ററുകളിലെത്തുന്ന വിജയ് ചിത്രം ബീസ്റ്റ് ആഘോഷമാക്കാനൊരുങ്ങി ആരാധകര്‍. തമിഴ്നാട്ടില്‍ ആരാധകരുടെ ആഗ്രഹം മാനിച്ച്പല സ്വകാര്യ സ്ഥാപനങ്ങളും റിലീസ് ദിനം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച സ്വകാര്യ കമ്പനികളുടെ നോട്ടീസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വന്‍ അഡ്വാന്‍സ് ബുക്കിംഗ് ആണ് കേരളത്തിലും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 350ഓളം ഫാന്‍സ് ഷോകളാണ് പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരത്ത് ആദ്യ ദിനം ചിത്രത്തിന് 208 പ്രദര്‍ശനങ്ങളാണ് ഇതുവരെ ലിസ്റ്റ് ചെയ്ത് ബുക്കിംഗ് ആരംഭിച്ചത്. ഭൂരിഭാഗം സെന്ററുകളിലും ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ നാലിന് ആരംഭിക്കും. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
◼️ഒറ്റക്കൊമ്പന്‍’ സിനിമ വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളി. ‘കടുവ’ സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് ഒറ്റക്കൊമ്പന്‍ ടീം കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ എന്ന സിനിമയാണ് ആദ്യം പ്രഖ്യാപിച്ചത്. അതിനു ശേഷമാണ് ഷിബിന്‍ തോമസ് കഥയും തിരക്കഥയുമെഴുതിയ സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ പ്രഖ്യാപിച്ചത്. രണ്ടു ചിത്രങ്ങളിലെയും നായകകഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു. ഇതാണ് കേസിലേക്ക് നയിച്ചത്. അതേസമയം ‘കടുവ’ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്.
◼️സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പരിചയപ്പെടുത്തിയ ശ്രദ്ധേയ സ്‌കൂട്ടറായ അവെനിസിന്റെ സ്റ്റാന്‍ഡേര്‍ഡ് എഡിഷന്‍ വിപണിയിലെത്തി. 86,500 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഒട്ടേറെ സ്പോര്‍ട്ടീ ഫീച്ചറുകളുമായാണ് സ്റ്റാന്‍ഡേര്‍ഡ് അവെനിസ് എത്തുന്നത്. പുതുമനിറഞ്ഞ സ്പോര്‍ട്ടീ സ്‌റ്റൈലിംഗ് രൂപകല്പനയില്‍ ഉടനീളം പ്രകടം. സീറ്റിനുള്ളിലെ സ്റ്റോറേജിന് പകരം സീറ്റിന് പുറകിലായി ഹിന്‍ജ് ടൈപ്പ് ഫ്യുവല്‍ ക്യാപ്പാണുള്ളത്; സീറ്റില്‍ നിന്ന് ഇറങ്ങാതെ തന്നെ ഇന്ധനം നിറയ്ക്കാന്‍ ഇതുസഹായിക്കുന്നു.
◼️ജീവിതം കരുത്തോടെ മുന്നോട്ടു കൊണ്ടു പോകാന്‍ ഊര്‍ജ്ജം പകരുന്ന വാക്കുകള്‍ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അറിവിന്റെ വലിയ ഖനിയാണ് ഈ രസകരമായ പുസ്തകത്തില്‍ എം. മുകുന്ദന്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ‘മുകുന്ദേട്ടന്റെ കുട്ടികള്‍’. എന്‍ബിഎസ്. വില 180 രൂപ.
◼️സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ചെറുതല്ല. ശരീരഭാരം നിയന്ത്രിക്കാനും ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും സ്ഥിര വ്യായാമം നമ്മെ സഹായിക്കുന്നു. എന്നാല്‍ അമിത വ്യായാമം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. ഇടവേളയില്ലാതെ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ശരീര പേശികള്‍ ക്ഷീണിക്കാന്‍ കാരണമാകും. പേശികള്‍ക്ക് വിശ്രമിക്കാന്‍ സമയം നല്കാത്തത് പരിക്കുകളുണ്ടാകാനുള്ള സാദ്ധ്യത കൂട്ടുന്നു. അമിതമായ വ്യായാമം നിങ്ങളുടെ ഹൃദയപേശികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ദീര്‍ഘനേരം കാര്‍ഡിയോ വ്യായാമം ചെയ്യുമ്പോള്‍, ശരീരത്തിലെ ഓക്സിജന്റെ ആവശ്യകത നിറവേറ്റുന്നതിന് ഹൃദയം കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന് അമിത സമ്മര്‍ദ്ദം നല്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. കൂടാതെ അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് മാനസിക പിരിമുറുക്കത്തിനും ഏകാഗ്രതക്കുറവിനും കാരണമാകുന്നു. അമിത വ്യായാമം ഉറക്കത്തേയും ദോഷകരമായി ബാധിക്കുന്നു. നിങ്ങളുടെ കായിക ക്ഷമതയും ദിനചര്യയും അനുസരിച്ച്, വ്യായാമവും വിശ്രമിക്കുന്ന സമയവും നിര്‍ണയിക്കുക. ആഴ്ചയില്‍ 150 മുതല്‍ 300 മിനിറ്റ് വരെ മിതമായ വ്യായാമം ചെയ്യുന്നത് ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അവന്‍ വിമാനത്താവള പരിപാലന വിഭാഗത്തില്‍ പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അവന് അവിടെ വെച്ച് ഒരു ബുക്ക് കിട്ടി. എങ്ങനെ വിമാനം പറത്താം എന്നതായിരുന്നു അതിലെ ഉള്ളടക്കം. അവന്‍ ആ ബുക്കിലെ ആദ്യം ഭാഗം വായിച്ചു. വിമാനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ചുവന്ന ബട്ടണ്‍ അമര്‍ത്താന്‍ അതില്‍ എഴുതിയിരിക്കുന്നു അവന്‍ വിമാനത്തില്‍ കയറി അതുപോലെ ചെയ്തപ്പോള്‍ വിമാനം സ്റ്റാര്‍ട്ട് ആയി. പിന്നീടുള്ള നിര്‍ദ്ദേശം വിമാനം ചലിക്കണമെങ്കില്‍ നീല ബട്ടണ്‍ അമര്‍ത്താനായിരുന്നു. അത് ചെയ്തപ്പോള്‍ വിമാനം ചലിച്ചു. തൊട്ടടുത്ത പേജുകളില്‍ വിമാനം മുകളിലേക്ക് പറത്താനുള്ള വഴി പറഞ്ഞിരുന്നു. അയാള്‍ അതനുസരിച്ച് വിമാനം പറത്തി. അവസാനം താഴെ ഇറങ്ങാന്‍ ഉള്ള നിര്‍ദ്ദേശം നോക്കിയപ്പോള്‍ ആ ബുക്കിന്റെ അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നത് കണ്ടു. തിരികെയിറക്കുന്നത് എങ്ങിനെയെന്നറിയാന്‍ പുസ്തകത്തിന്റെ രണ്ടാംഭാഗം വായിക്കുക പറന്നുയരാന്‍ മാത്രമല്ല, പറന്നിറങ്ങാന്‍ കൂടി പഠിക്കണം.അത്യുന്നതങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും അടിമപ്പണി ചെയ്യുന്നവര്‍ക്കും അടിസ്ഥാനാവശ്യങ്ങള്‍ ഒന്നുതന്നെയാണ്. വായു, ഭക്ഷണം, വസ്ത്രം, സൗഹൃദം, ദൈന്യതകളിലെ പരാശ്രയത്വം ഇതെല്ലാം പറക്കുന്നവര്‍ക്കും ഇഴയുന്നവര്‍ക്കും ഒരുപോലെയാണ്. എത്ര ഉയര്‍ന്നുപറന്നാലും ഒരിക്കല്‍കാലുകുത്തണം. അതിന് സ്വന്തമായ ലാന്റിങ്ങ് സ്‌പേസ് ഉണ്ടാകണം. ആ തിരിച്ചിറങ്ങലില്‍ ശുദ്ധവായുവും മനസമാധാനവും ലഭിക്കണം. നമുക്കും പറക്കാം, തിരിച്ചിറങ്ങാനുള്ള ലാന്റിങ്ങ് സ്‌പേസ് സ്വന്തമാക്കിക്കൊണ്ട് – ശുഭദിനം.