NADAMMELPOYIL NEWS
APRIL 13/22
കോഴിക്കോട്: ഇതര മതസ്ഥയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം. ശനിയാഴ്ചയാണ് മുസ്ലീം സമുദായത്തിൽ പെട്ട ഷെജിനും ക്രിസ്ത്യൻ സമുദായത്തിൽ പെട്ട ജ്യോത്സനയും വിവാഹം കഴിച്ചത്. എന്നാൽ ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദ്ദം തകർത്തെന്നുമാണ് സിപിഎം ആരോപണം. പെൺകുട്ടി ഉൾപ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചുവെന്ന് തിരുവമ്പാടി മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് ആരോപിച്ചു. പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം ആരോപിച്ചു. അതേസമയം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളടക്കം പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമാണ് ഷെജിൻ. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഷെജിൻ ഇത് ചെയ്യാൻ. പാർട്ടിയുമായി ആലോചിച്ച് ഷെജിനെതിരെ നടപടി എടുക്കുമെന്നും ജോർജ്ജ് എം തോമസ് പറയുന്നു. അതേസമയം മിശ്രവിവാഹം സമൂഹത്തിന് മാതൃകയാണെന്ന നിലപാടാണ് ഡിവൈഎഫ്‌ഐക്ക്. ജോർജ്ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശത്തിനെതിരെയും ഡിവൈഎഫ്‌ഐ വിമർശനം രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കാൻ സിപിഎം ഇന്ന് കോടഞ്ചേരിയിൽ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.
സൗദിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ജ്യോത്സ്ന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. രാവിലെ പുറത്തു പോയ പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകി.ഇതിനിടെ സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങൾ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെൺകുട്ടിയുടെ വീഡിയോ പുറത്ത് വന്നു.എന്നാൽ സമ്മർദ്ദത്തിന് വഴങ്ങിയാണ് പെൺകുട്ടി ഇങ്ങനെ പറയുന്നതെന്നും പാർട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിൻ പെൺകുട്ടിയുമായി ഒളിവിൽ കഴിയുന്നതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാൽ താമരശേരി കോടതിയിൽ ഹാജരായ ജ്യോത്സനയെ ഷെജിനൊപ്പം പോകാൻ കോടതി അനുവദിച്ചു.