റിയാദ്: റമദാന്‍ പ്രമാണിച്ച് സംസം ജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്നത് വര്‍ധിപ്പിച്ചു. അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടിലുകളാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതെന്ന് കിങ് അബ്ദുല്ല സംസം ഫാക്ടറി അധികൃതര്‍ അറിയിച്ചു.റംസാന്‍ മാസം മുഴുവനുള്ള ആവശ്യം പരിഗണിച്ചാണ് നടപടി. പ്രതിദിനം അഞ്ച് ലിറ്ററിന്റെ രണ്ട് ലക്ഷം ബോട്ടില്‍ സംസം ഒരുക്കി വിതരണം ചെയ്യാനുള്ള ശേഷിയാണ് ഫാക്ടറിയില്‍ സജ്ജീകരിച്ചത്. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന 20 ലക്ഷത്തിലധികം ബോട്ടിലുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഫാക്ടറിക്കുള്ളത്.
നോമ്ബുതുറ വേളയില്‍ മക്ക ഹറമില്‍ വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംസം ഒരുക്കിയയിട്ടുണ്ട്. സംസം നിറച്ച ഒരു ലക്ഷം ബോട്ടിലുകള്‍ നമസ്‌കാര സ്ഥലങ്ങളിലും 40 ലിറ്റര്‍ ശേഷിയുള്ള 13,000 സംസം പാത്രങ്ങള്‍ മുറ്റങ്ങളിലും ഒരുക്കി. മദീന പള്ളിയില്‍ 1,10,000 ബോട്ടില്‍ സംസം വിതരണം ചെയ്യുന്നുണ്ട്. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി 14,000 സംസം പാത്രങ്ങളും സംസമെടുക്കുന്നതിന് എട്ട് സ്ഥലങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജനനിബിഡമായി മക്കയിലും മദീനയിലും ആദ്യ തറാവീഹ് നമസ്‌കാരം
റിയാദ്: ഈ വര്‍ഷത്തെ റംസാനിലെ ആദ്യ തറാവീഹ് നമസ്‌കാരം ജനനിബിഡമായി മക്ക, മദീന പള്ളികളില്‍ നടന്നു. കൊവിഡ് മഹാവ്യാധി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആദ്യമായാണ് ഇരു ഹറമുകളിലും ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന റംസാന്‍ രാവുകളിലെ പ്രത്യേക പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരം നടക്കുന്നത്.
കൊവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ് നമസ്‌കാരവേളയില്‍ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേല്‍കൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്‌കാരത്തിലും തുടര്‍ന്നുള്ള തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കാന്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. തിരക്ക് കണക്കിലെടുത്ത് ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
മുഴുവന്‍ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോര്‍ട്ടുകളും ഒരുക്കിയിരുന്നു. സുരക്ഷ, ആരോഗ്യം, ആംബുലന്‍സ്, ട്രാഫിക് തുടങ്ങിയ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്ജിദുന്നബവിയിലും ആദ്യ തറാവീഹ് നമസ്‌കാരത്തിന് സന്ദര്‍ശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്. തറാവീഹ് നമസ്‌കാരത്തിന് ശൈഖ് അഹ്മദ് ബിന്‍ ത്വാലിബ്, ശൈഖ് സ്വലാഹ് അല്‍ബദീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.