ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത് സമീപകാലത്താണ്. ഡിജിറ്റല്‍ മീഡിയയില്‍ വൈറലാകാന്‍ നടത്തുന്ന ശ്രമം പലപ്പോഴും ജീവന്റെയും മരണത്തിന്റെയും അതിരുകളിലൂടെയാണ് പോകുക. സേവ് ദ ഡേറ്റ് തരംഗമായതോടെയാണ് ഫോട്ടോഷൂട്ടുകളും അതിരുവിട്ടുതുടങ്ങിയത്.

സമീപകാലത്ത് ഏറെപ്പേര്‍ കണ്ട ഒരു വീഡിയോയാണ് വരനും വധുവും കൊതുമ്പുവള്ളത്തില്‍ പോകുന്നതും പുഴയില്‍ അത് മറിയുന്നതും. രണ്ടുപേരും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. പക്ഷേ, വീഡിയോ വൈറലായി. കോട്ടയത്ത് ഒരു ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കായല്‍തീരത്ത് വിവാഹ ഷൂട്ടിനിടെ വള്ളം മുങ്ങി മുഴുവന്‍പേരും വെള്ളത്തിലായി.

വ്യത്യസ്തതയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് സാഹസികതയിലേക്ക് വഴുതുന്നത്. വെള്ളച്ചാട്ടത്തിലും പുഴയിലും കുളത്തിലും കാട്ടിലുമൊക്കെ നടത്തുന്ന ഷൂട്ടുകളാണ് ഇപ്പോള്‍ യുവജനതയ്ക്ക്് ഹരം. അതിരുവിടാന്‍ ഇവരും പ്രേരിപ്പിക്കുന്നതോടെ ഫോട്ടോഗ്രാഫര്‍മാരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്നു. ഇതിനിടെ ചില ദൃശ്യങ്ങള്‍ സഭ്യതയുടെ അതിരുവിടുന്നതും കണ്ടിരുന്നു. ഇത് സാമൂഹികമാധ്യങ്ങളില്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കി. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുള്ള സിനിമയുടെ തലത്തിലേക്ക് ഇവ പോകരുതെന്നും അഭിപ്രായമുണ്ടായി.

സേവ് ദ ഡേറ്റ് മുതലുള്ള ഷൂട്ടുകള്‍ ഒരു പാക്കേജായാണ് ഏല്‍പ്പിക്കുക. സാധാരണ രണ്ട് ലക്ഷം രൂപവരെ വരുന്ന ഒരു വിവാഹഷൂട്ട് ഇപ്പോള്‍ 10-12 വരെയൊക്കെയാക്കി നടത്തുന്നവരുണ്ട്. സേവ് ദ ഡേറ്റിന് വേണ്ടി മാത്രം എത്ര രൂപ വേണമെങ്കിലും ചെലവിടാന്‍ തയ്യാറുള്ളവരുണ്ടെന്ന് തൃശ്ശൂര്‍ വിജയ് ഫോട്ടോസ് ഉടമ ശിവദാസ് മേനോന്‍ പറയുന്നു. സംഭവം വൈറലായിരിക്കണം. അപകടസാധ്യതകള്‍ മുന്നേ പറയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. കൈവിട്ട ചിത്രീകരണങ്ങള്‍ക്ക് ഒരിക്കലും ശ്രമിക്കരുതെന്നും പ്രോത്സാഹിപ്പിക്കരുതെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുമ്പേതന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

സിനിമാ ചര്‍ച്ചപോലെ ദിവസങ്ങള്‍ ഫോട്ടോഗ്രാഫറെ വിളിച്ചിരുത്തി തിരക്കഥയും രംഗവും തീരുമാനിച്ച് പോകുന്നവരുണ്ട്. ലൈക്കും ഷെയറും കൂട്ടാന്‍ വേണ്ടി ഐഡിയ തേടുന്നവരുമുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സേവ് ദ ഡേറ്റ് വീഡിയോ യക്ഷിക്കഥ മാതൃകയിലാണ് ചിത്രീകരിച്ചത്. വിവാഹശേഷം റിസോര്‍ട്ട് തന്നെ ബുക്ക് ചെയ്ത് ചിത്രീകരണം ഉണ്ടാകും. മറ്റുള്ളവരുടെ കൈയടിയല്ല സ്വന്തം ജീവനും ജീവിതവുമാണ് വധൂവരന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരജേത്രി ഡോ. എം.എസ്.സുനില്‍ പറയുന്നു. സേവ് ദ ഡേറ്റിന്റെ പേരില്‍ അപകടം വരുത്തിവെച്ചാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *