കട്ടാങ്ങൽ : മാലിന്യ കൂമ്പാരമായി കൊണ്ടിരിക്കുന്ന കോഴിക്കോട് എൻ.ഐ.ടി പരിസരം ചാത്തമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് വളണ്ടിയർമാർ വൃത്തിയാക്കി. എൻ. ഐ. ടി ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അപ്പാർട്മെന്റ്കളും ഉൾകൊള്ളുന്ന പ്രദേശത്ത് റോഡ് അരികിലാണ് വലിയ രീതിയിൽ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്. ഇത് മൂലം രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലം തെരുവ് നായ ശല്യവും രൂക്ഷമാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ സാധിച്ചിട്ടില്ല എന്നാണ് പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആരോപണം. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് എൻ.ഐ.ടി അധികൃതർ ക്കും ഗ്രാമ പഞ്ചായത്ത് അധികൃതർക്കും കുന്നമംഗലം പോലീസ് മേധാവി ക്കും പരാതി നല്കാനും എത്രയും പെട്ടെന്ന് നടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടി കളുമായി മുന്നോട്ട് പോവാനും തീരുമാനിച്ചതായും ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പ്രസ്താവിച്ചു. കുന്നമംഗലം മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മ പഞ്ചായത്ത് കോർഡിനേറ്റർ കെ.ടി മൻസൂർ ക്യാപ്റ്റൻ അഷ്മിൻ മലയമ്മ തുടങ്ങിയവർ ശുജീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി. വൈറ്റ് ഗാർഡ് അംഗങ്ങളായ ഫൈസൽ, സമീർ വെള്ളലശ്ശേരി,റാസിഖ്, ഹബീബ്,റംലി തുടങ്ങിയവർ പങ്കെടുത്തു.