NADAMMELPOYIL NEWS
APRIL 01/22
കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ രണ്ടു പേരും കരിപ്പൂർ പോലീസിന്റെ പിടിയിലായി. യാത്രക്കാരനായ മലപ്പുറം വാഴക്കാട് കരിന്പനംകുഴി മുഹമ്മദ് റമീസ്(29), സ്വീകരിക്കാനെത്തിയ കോഴിക്കോട് താമരശേരി പെരുന്പള്ളി മുഹമ്മദ് മുസ്തഫ(36), കുന്നമംഗലം കിഴക്കൻ ചാലിൽ ഉവൈസ്(33) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഇവർ സഞ്ചരിച്ച കാറും റമീസ് ഒളിപ്പിച്ചു കടത്തിയ ഒരു കിലോ സ്വർണ മിശ്രിതവും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നു കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന പോലീസ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് പുറത്തായത്. പുലർച്ചെ ദുബായിൽ നിന്നു എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് റമീസ് കരിപ്പൂരിലെത്തിയത്. ശരീരത്തിനുള്ളിൽ സ്വർണ മിശ്രിതം നാലു ഗുളികകളുടെ രൂപത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കരിപ്പൂരിൽ കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ സ്വർണം കടത്തി പുറത്തിറങ്ങിയ യാത്രക്കാരനും കൂട്ടാളിയും പിടിയിലായിരുന്നു.