NADAMMELPOYIL NEWS
APRIL 01/22
മണ്ണാർക്കാട്;ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവ്. മണ്ണാർക്കാട് വിയ്യക്കുർശ്ശി കല്ലമല ഹരിജൻ കോളനിയിലെ ഓമന കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് സ്വദേശി രഞ്ജിത്തിനെ ശിക്ഷിച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയുടേതാണ് വിധി. 2011 നവംബർ 29 നാണ് ദുരന്തമുണ്ടായത്. വിയ്യകുറിശ്ശിയിലെ വീട്ടിലാണ് ഓമനയ്ക്കൊപ്പം രഞ്ജിത്ത് താമസിച്ചിരുന്നത്. സംശയം പറഞ്ഞ് ഓമനയോട് രഞ്ജിത്ത് കലഹിക്കുന്നത് പതിവായിരുന്നു. ഓമനയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞും രജ്ജിത്തുമായുള്ള ബന്ധത്തിലെ കുട്ടികളും ഇരുവര്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. സംഭവ ദിവസം വഴക്ക് മുറുകിയതിനെ തുടർന്ന് രഞ്ജിത്തിനെ ഭയപ്പെടുത്താൻ ഓമന സ്വയം ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഇതുകണ്ട രഞ്ജിത്ത് അടുപ്പിൽ നിന്ന് ഓല കത്തിച്ച് ഓമനുടെ ദേഹത്തേക്ക് എറിയുകയുമായിരുന്നുവെന്നാണ് കേസ്. ഇവരുടെ മകൻ നാലര വയസുകാരൻ അഭിജിത്താണ് ഏക സാക്ഷി. തൊണ്ണൂറ്റി അഞ്ച് ശതമാനം പൊള്ളലേറ്റ ഓമനയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം ഓമന മരിച്ചു.
പിടിയിലായ രഞ്ജിത്ത് ജാമ്യം നേടി വിചാരണ വേളയിൽ മുങ്ങി. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലങ്കോട് നിന്ന് പിന്നീട് പിടികൂടി. കൊലപാതകത്തിനാണ് പൊലീസ് കേസ് ആദ്യം രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും ഓമനയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എസ്.മധു ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പിജയൻ ഹാജരായി. ഷൊർണൂർ ഡിവൈഎസ്പിയായിരുന്ന കെ.എം.ആന്റണിയാണ് കേസ് അന്വേഷിച്ചത്.