ദില്ലി: സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് ഉത്തരേന്ത്യയെ സാരമായി ബാധിച്ചില്ല. ദില്ലി ജന്തര്‍ മന്തറില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതീഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇടത് എംപി മാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ചും നടത്തി. അതേസമയം രണ്ട് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.

തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിന്റെ രണ്ടാം ദിവസവും ഉത്തരേന്ത്യയില്‍ ജനജീവിതം സാധാരണ നിലയില്‍ തുടരുന്ന കാഴ്ചയാണ് കണ്ടത്. കടകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ സാധാരണ പോലെ നിരത്തിലിറങ്ങി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരായി. അതേസമയം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധ സംഗമം നടന്നു. ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലായിരുന്നു.

പണിമുടക്ക് കേന്ദ്ര സര്‍ക്കാരിനുള്ള താക്കീത് ആണെന്നും , രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കില്ലെന്നും സി ഐ റ്റി യു ജെനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു. ദില്ലിയിലെ LIC ഓഫീസില്‍ ജീവനക്കാരുടെ പ്രതിഷേധ ധര്‍ണ തുടരുകയാണ്. ബംഗാള്‍, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലും തൊഴിലാളി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്‌ നടന്നു. പാര്‍ലമെന്റില്‍ ഇടത് എംപിമാര്‍ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അടിയന്തര പ്രമേയ നോട്ടീസ് തള്ളി. വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്ന നിലപാട് തുടരുകയാണ് കേന്ദ്രം.

Leave a Reply

Your email address will not be published. Required fields are marked *