94-ാമത് ഓസ്കറില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി ‘ ഡ്രൈവ് മൈ കാര്‍’. ഹമാഗുച്ചിയാണ് ചിത്രത്തിന്റം സംവിധാനം. ഇത്തവണത്തെ ഓസ്കാര്‍ അപേഡേഷനുകളില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്നു കേട്ട ചിത്രം കൂടിയാണ് ഡ്രൈവ് മൈ കാര്‍. മികച്ച സിനിമക്ക് പുറമെ സംവിധാനം, അവലംബിത തിരക്കഥ എന്നീവിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷന്‍ ലഭിച്ചത്.
ക്രിയാത്മകതയും ലൈംഗികതയും പ്രണയവും മനസ്സിലാക്കലും അതിജീവനവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ചെറുകഥയെ സിനിമാസങ്കേതത്തിന്റെ പാളത്തിലേറ്റി ഭാവനയുടെ ചിറകുനല്‍കി ആലോചനയുടെ ഇന്ധനം നല്‍കി ഹമാഗുച്ചി നടത്തുന്ന യാത്രയാണ് സിനിമ.
ഹരുകി മുറകാമി എഴുതിയ ഡ്രൈവ് മൈ കാര്‍ എന്ന ചെറുകഥയാണ് ‘ഡ്രൈവ് മൈ കാറിന്’ ആധാരം. മെന്‍ വിത്തൌട്ട് വുമണ്‍ എന്ന ചെറുകഥാസമാഹരത്തിലേതാണ് ഡ്രൈവ് മൈ കാര്‍ എന്ന കഥ. മെന്‍ വിത്തൌട്ട് വുമണ്‍ എന്ന കഥാസമാഹാരത്തിലെ തന്നെ ഷെഹറസാഡ്, കിനോ എന്നീ കഥകളും ഡ്രൈവ് മൈ കാര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഡ്രൈവ് മൈ കാര്‍ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ 2021 കാന്‍സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു.
അതേസമയം, മികച്ച സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സര്‍ സ്വന്തമാക്കി.’കോഡ’യിലെ അഭിനയത്തിനാണ് ട്രോയ് പുരസ്കാരത്തിന് അര്‍ഹനായത്. ഓസ്കര്‍ പുരസ്‌കാരങ്ങള്‍ക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സര്‍. ‘എന്‍കാന്റോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. ജാരെഡ് ബുഷും ബൈറോണ്‍ ഹോവാര്‍ഡും ചേര്‍ന്നാണ് സംവിധാനം. എന്‍കാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗല്‍സ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
മികച്ച അനിമേഷന്‍ ഷോര്‍ട് ഫിലിം ആയി ആല്‍ബര്‍ട്ടോ മിയേല്‍ഗോ, ലിയോ സാന്‍ഷെ എന്നിവരുടെ ‘ദി വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്കര്‍ ബെന്‍ പ്രൗഡ്ഫൂട്ടിന്റെ ‘ദി ക്വീന്‍ ഓഫ് ബാസ്കറ്റ്ബോളിന്’ ലഭിച്ചു. ഓസ്കര്‍ നേട്ടത്തില്‍ ഡ്യൂണ്‍ ആണ് മുന്നില്‍ നില്‍ക്കുന്ന ചിത്രം നിലവില്‍ ആറ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്‌ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകള്‍ ലഭിച്ചത്.