NADAMMELPOYIL NEWS
MARCH 26/22
കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാവുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ ഇനി മുതല്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദമുണ്ടാവില്ലെന്ന് സര്‍ക്കാര്‍. ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുക.
ഇനി വരുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യര്‍ഥിക്കുന്നു’ എന്ന് ഉപയോഗിക്കണമെന്ന് എല്ലാ വകുപ്പുതലവന്‍മാര്‍ക്കും നിര്‍ദേശം നല്‍കുന്നുവെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് സീമ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നത്. ‘സര്‍’ വിളി വേണ്ടന്നുവച്ചതിന് പിന്നാലെയാണ് പുതിയ മാറ്റവും. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരെ ‘സര്‍’, ‘മാഡം’ എന്നിങ്ങനെയാണ് സാധാരണ നിലയില്‍ അഭിസംബോധന ചെയ്യാറ്.
എന്നാല്‍, പാലക്കാട് മാത്തൂര്‍ പഞ്ചായത്തില്‍ ഈ ശൈലിക്ക് മാറ്റം കൊണ്ടുവന്നു. ബ്രിട്ടീഷ് കോളനിവല്‍ക്കരണ കാലത്തെ രീതിയാണ് ‘സര്‍’ അല്ലെങ്കില്‍ ‘മാഡം’ എന്ന് വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇനി മുതല്‍ മാത്തൂര്‍ പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്നുവിളിക്കരുത്.
പഞ്ചായത്തിലേക്ക് അയയ്ക്കുന്ന അപേക്ഷകളിലും കത്തുകളിലും ഈ പദപ്രയോഗം ഒഴിവാക്കിയിട്ടുണ്ട്. സര്‍, മാഡം എന്ന വിളിയ്ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ അഭിസംബോധനയായി ഉപയോഗിക്കാമെന്ന് ഭരണസമിതി അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ പ്രസാദാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. പ്രമേയമാക്കാന്‍ തീരുമാനിച്ചതോടെ അംഗങ്ങളും പിന്തുണ നല്‍കി. ജനങ്ങള്‍ നല്‍കുന്ന അപേക്ഷകളില്‍ അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു എന്നി പ്രയോഗങ്ങളും ഇനി ഉപയോഗിക്കേണ്ടെന്നാണ് പഞ്ചായത്തിന്റെ അറിയിപ്പ്. പകരം അവകാശപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ രീതികള്‍ പ്രയോഗിക്കാം