ചെന്നൈ: ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസസിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്താനുള്ള സാധ്യത പരിഗണിച്ച്‌ തമിഴ്നാട് തീരത്ത് ജാഗ്രത തുടരുന്നു.തീരസംരക്ഷണ സേനയും തമിഴ്നാട് പൊലീസിന്റെ തീര സുരക്ഷാ വിഭാഗവും തീരത്ത് കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ മാത്രം കടല്‍ദൂരമുള്ള രാമേശ്വരത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികള്‍ എത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അടുത്ത ഒരാഴ്ച കൊണ്ട് 2000 പേരെങ്കിലും എത്തുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ പാക് കടലിടുക്കിലെ യാനങ്ങളേയും കോസ്റ്റ്ഗാര്‍ഡ് നിരീക്ഷിക്കുന്നുണ്ട്. രാമേശ്വരത്തിന് സമീപമുള്ള ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ ആരെങ്കിലും നിലവില്‍ എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

നിലവില്‍ കടല്‍ കടന്നെത്തിയ 16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികളേയും ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. നുഴഞ്ഞുകയറ്റക്കാരേയേ ഇവരെ ഇപ്പോള്‍ കണക്കാക്കാനാകൂ എന്ന് കോടതി പറഞ്ഞു. അഭയാര്‍ത്ഥികളെന്ന് സ‍ര്‍ക്കാ‍ര്‍ പിന്നീട് വ്യക്തമാക്കിയാല്‍ ക്യാമ്ബിലേക്ക് മാറ്റും. ഇവരുടെ കേസ് ഏപ്രില്‍ നാലിന് രാമേശ്വരം മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.

*ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധി, ഭക്ഷണക്ഷാമം, മരുന്നുകള്‍ കിട്ടാനില്ല*

കൊളംബോ: 1948-ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്ബത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക. പണമില്ലാത്ത രാഷ്ട്രം ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യണ്‍ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്. പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകള്‍ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നല്‍കുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫില്‍ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാല്‍പ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ രാജ്യത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനില്‍പ്പിനായി രാജ്യത്തെ ഭക്ഷണശാലകള്‍ എല്ലാം വില വര്‍ധിപ്പിച്ചു. ഇവിടെ ഒരു പാല്‍ച്ചായക്ക് ഇപ്പോള്‍ വില 100 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *