മുക്കം : കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാരെ ബസിൽക്കയറി മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ്‌ജീവനക്കാർ അറസ്റ്റിൽ.
മുക്കം-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ ചാത്തൻകാവ് സ്വദേശി സുഹൈൽ (21), കണ്ടക്ടർ ചാത്തമംഗലം സ്വദേശി അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്.
ബസ് ജീവനക്കാരെ ബസിൽക്കയറി മർദിച്ചതിനുപിന്നാലെ പ്രതികൾ കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലെ ചില്ലുകൾ അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത്, താമരശ്ശേരി ഫസ്റ്റ് ക്ലാസ് കോടതി (രണ്ട്) യിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മുക്കത്തിനടുത്ത് മാമ്പറ്റയിലായിരുന്നു കേസിനാസ്പദമായ സംഭവം. മത്സര ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലിടിച്ച സ്വകാര്യബസിലെ ജീവനക്കാർ യാത്രക്കാരുടെ മുന്നിൽവെച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മർദിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് ഡ്രൈവറെയും കണ്ടക്ടറെയും രക്ഷിച്ചത്. തലയ്ക്കും കഴുത്തിലും നെഞ്ചിലും മർദനമേറ്റ ഡ്രൈവർ സന്തോഷിനെയും പുറത്തും കഴുത്തിനും പരിക്കേറ്റ കണ്ടക്ടർ വിനോദനെയും മുക്കം സി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചിരുന്നു.
അതെ സമയം ദീർഘ ദൂര സർവീസുകൾ നിർത്തലാക്കി കെഎസ്ആർടിസി ബസുകൾ മുക്കം-കോഴിക്കോട് റൂട്ടിൽ സമയക്രമം പാലിക്കാതെയാണ് പല ബസ്സുകളും ഓടുന്നതെന്ന് സ്വകാര്യ ബസ് ജീവനക്കാരും ബസ് മുതലാളിമാരും പറഞ്ഞു