കൊച്ചി: പെട്രോള്‍, ഡീസല്‍ വില കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വര്‍ധനയാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ 84 പൈസ കൂടി. രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്.
ഇന്നത്തെ വില, തിരുവനന്തപുരം: പെട്രോള്‍, 108.35, ഡീസല്‍ 95.38
ഇന്നലെ രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.
എണ്ണക്കമ്ബനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്ബനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എണ്ണവില വര്‍ധന സര്‍ക്കാര്‍ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയില്‍ വില. അതിപ്പോള്‍ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.
ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാര്‍ജ്ജ് വര്‍ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിനു തയ്യാറെടുക്കുകയാണ്. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധനക്കും കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്ബത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്ബനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വര്‍ദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
ഉയരുന്നു പ്രതിഷേധം
ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധത്തിന് കോപ്പ് കൂട്ടുകയാണ്. ഇന്ധന പാചകവാതക വില വര്‍ധനവിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നലെ പാര്‍ലമെന്‍റ് സ്തംഭിച്ചു. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി. പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്ബി.
വില വര്‍ധനക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തില്‍ നടപടികള്‍ സ്തംഭിച്ചു.
അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്സഭയില്‍ വിഷയമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ വില വര്‍ധനയുണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമായെന്ന് അധിര്‍ രഞ്ജന്‍ പറഞ്ഞു. ഡിഎംകെ, ടിഎംസി, തുടങ്ങിയ കക്ഷികളും പ്രതിഷേധമുയര്‍ത്തി. അടിയന്തര പ്രമേയ നോട്ടീസുകള്‍ സ്പീക്കര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങി പോയി.
സുരക്ഷ വലയം ഭേദിച്ച് മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍ക്ക് മുന്നിലായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. വരും ദിവസങ്ങളിലും പാര്‍ലമെന്‍റിലും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.