ഓമശ്ശേരി: റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണം നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഓമശ്ശേരി ടൗണിലെത്തിയ സാഹചര്യത്തിൽ നാളെ(വ്യാഴം) മുതൽ പതിനാല് ദിവസം ഓമശ്ശേരിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ പഞ്ചായത്ത് ഭരണ സമിതി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാ ഭാരവാഹികളുടേയും സംയുക്ത യോഗത്തിൽ തീരുമാനമായി. മാർച്ച് 31 നകം ഓമശ്ശേരി ടൗൺ ഭാഗം കലുങ്ക് ഉൾപ്പടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.
താഴെ ഓമശ്ശേരിയിൽ റോഡ് പൂർണ്ണമായും അടക്കും. താമരശ്ശേരിയിൽ നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂടത്തായി-വെളിമണ്ണ-പുത്തൂർ-അമ്പലക്കണ്ടി-മുത്തേരി വഴിയും താമരശ്ശേരിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്ന വാഹനങ്ങൾ കൂടത്തായി-പെരിവില്ലി വഴിയും തിരിച്ച് വിടും.
കൊടുവള്ളി ഭാഗത്ത് നിന്ന് മുക്കം,തിരുവമ്പാടി ഭാഗങ്ങളിലേക്ക് പോവേണ്ട വാഹനങ്ങൾ പുത്തൂർ-അമ്പലക്കണ്ടി-മുത്തേരി വഴിയാണ് പോവേണ്ടത്. മുക്കം,തിരുവമ്പാടി ഭാഗങ്ങളിൽ നിന്ന് ഓമശ്ശേരിയിലേക്ക് വാഹനങ്ങൾ വരുന്നതിന് നിയന്ത്രണങ്ങളില്ല.
പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ, പഞ്ചായത്ത് മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ, എം.ഷീജ, കെ.പി.രജിത, പി.കെ.ഗംഗാധരൻ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്, പി.ഇബ്രാഹീം ഹാജി, സീനത്ത് തട്ടാഞ്ചേരി, എം.ഷീല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.വി.സ്വാദിഖ്(മുസ്‌ലിം ലീഗ്), ഒ.എം.ശ്രീനിവാസൻ നായർ(കോൺഗ്രസ്), ഒ.കെ.സദാനന്ദൻ(സി.പി.എം), ടി.ശ്രീനിവാസൻ(ബി.ജെ.പി), എ.കെ.അബ്ദുല്ല(വ്യാപാരി വ്യവസായി ഏകോപന സമിതി), ഒ.കെ.നാരായണൻ(വ്യാപാരി വ്യവസായി സമിതി), സി.വി.കുഞ്ഞോയി(ബിൽഡിംഗ് ഓണേഴ്സ്), നൗഷാദ് ചെമ്പറ, എം.ടി.റഷീദ്,എം.വി.അബ്ദുൽ റഹ്മാൻ ഹാജി,ഇ.കെ.മൻസൂർ, സി.കെ.രവീന്ദ്രൻ,പി.കെ.സത്താർ, കെ.കെ.ബഷീർ, അബൂബക്കർ സ്വിദ്ദീഖ്,റഫീഖ്,ശ്രീ ധന്യ കൺസ്ട്രക്ഷൻ പ്രതിനിധികളായ അരുൺ അശോക്, പീറ്റർ ജോൺ എന്നിവർ സംസാരിച്ചു.