2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി ആപ്പിൾ. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ആറ് വർഷം മുമ്പായിരുന്നു കമ്പനി ഐഫോൺ സിക്സ് പ്ലസ് അവസാനമായി വിതരണം ചെയ്തത്.
വിന്റേജ് ഉൽപ്പന്നങ്ങൾക്ക് ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല. അതേസമയം, ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെ കമ്പനി കാലഹരണപ്പെട്ട (obsolete ) ലിസ്റ്റിലാണ് ഉൾപ്പെടുത്തുന്നത്. ഐഫോൺ 6ന് താഴെയുള്ള ഫോണുകൾ നിലവിൽ ഈ ലിസ്റ്റിലാണ്.
ഐഫോൺ 6, 6എസ് തുടങ്ങിയ ഫോണുകളെ ഇപ്പോഴും കമ്പനി വിന്റേജ് ലിസ്റ്റിൽ ചേർത്തിട്ടില്ല. വലിയ ഡിമാന്റ് കാരണം 2017ൽ ഐഫോൺ 6 ആപ്പിൾ റീലോഞ്ച് ചെയ്തിരുന്നു. 2018 വരെ ആറാമനെ കമ്പനി വിപണിയിലും ലഭ്യമാക്കിയിരുന്നു. വിന്റേജ് ലിസ്റ്റിലേക്ക് പോകാൻ ഐഫോൺ 6ന് രണ്ട് വർഷം കൂടി ബാക്കിയുണ്ട്.
കമ്പനി ആദ്യമായി ‘ബിഗ് സൈസ്’ ഫോൺ പരീക്ഷിച്ചത് ഐഫോൺ 6 പ്ലസിലൂടെയായിരുന്നു. 5.5 ഇഞ്ച് വലിപ്പത്തിലിറങ്ങിയ 6 പ്ലസ് ഐഫോൺ ആരാധകർക്ക് പുതുമയായിരുന്നു. വലിയ ഐഫോൺ വേണ്ടവർ 6 പ്ലസ് തന്നെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ, ആപ്പിളിനെ ഞെട്ടിച്ചുകൊണ്ട് ഐഫോൺ 6 എന്ന ചെറിയ മോഡൽ റെക്കോർഡ് വിൽപ്പനയായിരുന്നു സ്വന്തമാക്കിയത്. അതേസമയം, 6 സീരീസിന് 2019-ലാണ് ആപ്പിൾ അവസാനമായി ഐ.ഒ.എസ് പ്രധാന അപ്ഡേറ്റുകൾ നൽകിയത്.