ചാത്തമംഗലം: ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്‍റെ പ്രളയ പുനരധിവാസ ഗൃഹനിർമാണ പദ്ധതിയിലെ 36-ാമത്തെ വീടിന് കുറ്റിയടിച്ചു. ഈ വീടിന്‍റെ നിർമാണത്തിനുള്ള തുക പൂർണമായും ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ വിവിധ പരിപാടികളിലൂടെ സ്വരൂപിച്ചതാണ്.
2018 ആഗസ്റ്റിലെ പ്രളയത്തില്‍ ദുരിതബാധിതരായ100 കുടുംബങ്ങള്‍ക്ക് ജീവിത-പഠന സൌകര്യങ്ങള്‍ ഒരുക്കുകയെന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട 35 കുടംബങ്ങള്‍ക്ക് ഇതുവഴി വീടു നിർമിച്ചു നല്കിയിരുന്നു. 35 വിദ്യാർത്ഥികള്‍ക്ക് വിദ്യാഭ്യാസ ഫെല്ലോഷിപ്പുകളും 30 കുടുംബങ്ങള്‍ക്ക് ജീവിതോപാധികള്‍ വീണ്ടെടുക്കാനുള്ള സാമ്പത്തികസഹായവും നല്കി.
ഈ പ്രവർത്തനങ്ങളില്‍ പ്രചോദിതരായ ദയാപുരം സ്കൂള്‍ വിദ്യാർത്ഥികള്‍, സ്വന്തമായി പണം സ്വരൂപിച്ച് ഒരു വീട് നിർമിച്ചുനല്കാനുള്ള ആലോചന പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു. അനുമതി ലഭിച്ചതോടെ, വിദ്യാർത്ഥിസംഘടനയായ ദയാപുരം സ്റ്റുഡന്‍റ് സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ധനസമാഹരണം തുടങ്ങി. സ്പോണ്‍സർമാരെ കണ്ടെത്തി സ്കൂള്‍ ഗ്രൌണ്ടില്‍ ഫുട്ബോള്‍ ടൂർണമെന്‍റ് നടത്തിയും രക്ഷിതാക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്നും സംഭാവന സ്വീകരിച്ചും വീടുനിർമാണത്തിനുള്ള പണം സ്വരൂപിച്ചു.
ഈസ്റ്റ് മലയമ്മ പുല്ലോട്ട് ഹരീഷിന്‍റെ കുടുംബത്തിനുള്ള ഈ വീടിന് വിദ്യാർത്ഥികളാണ് കുറ്റിയടിച്ചത്. മൂന്നുമാസം കൊണ്ട് പണി തീർത്ത് വീട് കൈമാറാമെന്നാണ് അവരുടെ പ്രതീക്ഷ.
ദയാപുരം മുന്നോട്ടുവയ്ക്കുന്ന മാനവികതയുടെയും സമഭാവനയുടെയും സന്ദേശമാണ് വിദ്യാർത്ഥികള്‍ ഈ സന്നദ്ധപ്രവർത്തിയിലൂടെ ഉയർത്തിപ്പിടിക്കുന്നതെന്ന് അല്‍- ഇസ്ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയർമാന്‍ ഡോ. എം.എം ബഷീർ പറഞ്ഞു