കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പെടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ തൃക്കരിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ തട്ടുകടയില്‍ നിന്ന് വെളളമെന്ന് കരുതി ആസിഡ് കുടിക്കാനിടയായ സംഭവത്തെത്തുടര്‍ന്നായിരുന്നു കോര്‍പറേഷന്റെ കര്‍ശന നടപടി.

ഉപ്പിലിട്ട ഇനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം ഏല്‍പ്പെടുത്തിയതോടെ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് വഴിമുട്ടിയത്. പരിശോധനക്കായി ശേഖരിച്ച സാംപിളുകളിലൊന്നും അപകടകരമായ അളവില്‍ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടും ഇത്തരമൊരു നിരോധനമേര്‍പ്പെടുത്തിയതിന്റെ യുക്തിയെന്തെന്നാണ് കച്ചവടക്കാരുടെ ചോദ്യം.

എന്നാല്‍ താല്‍ക്കാലികമായെങ്കിലും കച്ചവടം നിരോധിച്ചെങ്കില്‍ മാത്രമേ നടപടികള്‍ ഫലപ്രദമാകൂ എന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. അടുത്ത ഘട്ടമെന്ന നിലയില്‍ മുഴുവന്‍ കച്ചവടക്കാര്‍ക്കും ബോധവത്കരണം നല്‍കും. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയും ചൂടുപിടിക്കുന്നുണ്ട്.

ഉപ്പിലിട്ടതില്‍ ചേര്‍ക്കുന്നതെന്ത്? ഞെട്ടിക്കുന്ന കണ്ടെത്തല്‍,പിടിച്ചെടുത്തത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള ഭക്ഷണ സാധനങ്ങളുടെ വില്‍പ്പന തടഞ്ഞു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ താല്‍ക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തരുതെന്നാണ് സെക്രട്ടറി ഉത്തരവിട്ടത്. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന ബീച്ചില്‍ വെച്ച്‌ ഉപ്പിലിട്ട ഭക്ഷണസാധനങ്ങള്‍ കഴിച്ച്‌ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിക്ക് പൊള്ളലേല്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇത് പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതായി കണ്ടെത്തിയ സാഹചര്യത്തിലും ഇത്തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചതുമൂലം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായുള്ള പൊതുജനങ്ങളുടെ തുടര്‍പരാതിയുടെ അടിസ്ഥാനത്തിലുമാണ് നടപടി. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളമാണെന്നു കരുതി അബദ്ധത്തില്‍ രാസലായിനി കഴിച്ച വിദ്യാര്‍ത്ഥിക്ക് കടുത്ത ആരോ​ഗ്യ പ്രശ്നങ്ങള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്ന് കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്ന് പിടിച്ചെടുത്ത കന്നാസുകളില്‍ ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്തതും തട്ടുകടകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇത് അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ചത് കുടിച്ചതാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിയെ അവശ നിലിയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിഗമനം. രണ്ട് തട്ട് കടകളില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം പരിശോധനക്ക് എടുത്തിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 99 ശതമാനം ഗാഢ അസറ്റിക്ക് ആസിഡായ ഇത് കുടിച്ചാലോ ദേഹത്ത് വീണാലോ പൊള്ളല്‍ ഏല്‍ക്കും.

അതിനാല്‍ തട്ടുകടയില്‍ അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ച ഗ്ലേഷ്യല്‍ അസറ്റിക്ക് ആസിഡ് കുട്ടി കുടിച്ചെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ അനുമാനം. ഗ്ലേഷ്യല്‍ ആസിഡ് നേരിട്ട് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുകയോ തട്ടുകടകളി‍ല്‍ സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണ്. വിനാ​ഗിരി ആണെങ്കില്‍ പോലും നിശ്ചിത ഗുണ നിലവാരമുള്ളതേ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാവൂ. തട്ടുകടകളിലെ ഉപ്പിലിട്ടതിന്‍റെ കുപ്പികളില്‍ നിന്ന് മൂന്ന് സാമ്ബിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഇവയില്‍ പക്ഷെ അസറ്റിക് ആസിഡിന്‍റെയോ നിരോധിത വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *