2022 | ജനുവരി 23 | ഞായർ | 1197 | മകരം 9 | ഉത്രം


🔳ഇന്ത്യയില്‍ ഒമിക്രോണ്‍ സാമൂഹ്യ വ്യാപന ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലുള്ള ഇന്‍സാകോഗ്. വിവിധ സംസ്ഥാനങ്ങളിലെ വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്താന്‍ രൂപീകരിച്ച പത്തു ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. മെട്രോ നഗരങ്ങളില്‍ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനം ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ട്രെയിനുകളില്‍ രാത്രി പത്തിനു ലൈറ്റുകളെല്ലാം ഓഫ് ചെയ്യും. പ്ലഗ് പോയിന്റുകളും പ്രവര്‍ത്തിക്കില്ല. രാത്രി 10 മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും നിരോധിച്ചു. രാത്രി വൈകിയും കൂട്ടമായി സംസാരിച്ചിരിക്കാന്‍ അനുവദിക്കില്ല.

🔳നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നു. നടപടികള്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചാണു ചോദ്യം ചെയ്യല്‍. ഉച്ചയ്ക്കുശേഷം ചിലരെ ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ മൂന്നു ദിവസം തുടരും.

🔳സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ചോദിച്ചെന്ന് ദിലീപ്. പല തവണയായി 10 ലക്ഷത്തോളം രൂപ നല്‍കി. ഉന്നത ബന്ധമുള്ള ബിഷപ്പ് ഇടപെട്ടാല്‍ നിരപരാധിത്വം തെളിയിച്ച് രക്ഷിക്കാനാകുമെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. വീണ്ടും പണം ചോദിച്ചപ്പോള്‍ കൊടുത്തില്ല. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ ആരോപണം.

🔳സംവിധായകന്‍ എന്ന നിലയിലാണു തനിക്കു പണം തന്നതെന്നു ബാലചന്ദ്രകുമാര്‍. സാമുദായിക സ്പര്‍ധ വളര്‍ത്താനാണ് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരു ദിലീപ് വലിച്ചിഴയ്ക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.

🔳ദിലീപിനെതിരേ തെളിവുകളുണ്ടെന്ന് എഡിജിപി ശ്രീജിത്ത്. ചോദ്യം ചെയ്യലിനോടു പ്രതികള്‍ സഹകരിച്ചാലും ഇല്ലെങ്കിലും പോലീസിനു ചില തെളിവുകള്‍ ലഭിക്കും. പോലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ പുരോഗതിയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ശ്രീജിത്ത്. കൂറുമാറിയ സാക്ഷികളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ശ്രീജിത്ത് പറഞ്ഞു.

🔳സംസ്ഥാനത്ത് ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. റോഡുകളില്‍ വാഹനങ്ങളില്ല. വാഹന യാത്രക്കാരെ പോലീസ് വ്യാപകമായി പരിശോധിക്കുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്ര മാത്രമാണ് അനുവദിക്കുന്നത്.

🔳കോഴിക്കോട്ട് കെഎസ്ആര്‍ടിസിയുടെ കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. 70 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയം അപകടാവസ്ഥയിലാണെന്നു മദ്രാസ് ഐഐടി റിപ്പോര്‍ട്ടുണ്ടായിരുന്നു. അഴിമതി ആരോപിച്ച് വിജിലന്‍സ് എടുത്ത കേസ് നിലനില്‍ക്കേയാണ് സര്‍ക്കാര്‍തന്നെ നിയോഗിച്ച സമിതിയുടെ വെള്ളപൂശല്‍.

🔳സാങ്കേതിക സര്‍വകലാശാലക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കാന്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ആറു മാസം കൂടി നീട്ടി. നടപടികള്‍ വൈകുന്നതില്‍ സ്ഥലയുടമകള്‍ക്ക് ആശങ്ക. പണം എപ്പോള്‍ കൊടുക്കുമെന്ന കാര്യത്തിലുള്‍പ്പടെ അവ്യക്തത തുടരുകയാണ്. വിളപ്പില്‍ശാലയില്‍ നൂറ് എക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഒരു വര്‍ഷം മുന്‍പാണ് വിജ്ഞാപനം ഇറക്കിയത്. ഇപ്പോള്‍ അമ്പത് ഏക്കര്‍ മതിയെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

🔳പാലക്കാട് വടക്കഞ്ചേരി തച്ചനടിയില്‍ കുടുംബ വഴക്കിനെത്തുടര്‍ന്നുള്ള അടിപിടിയില്‍ തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ അബ്ബാസാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔳’കൂട്ടം കുറച്ചാല്‍ നേട്ടം കൂടു’മെന്ന തൃശൂര്‍ ജില്ല കളക്ടറുടെ ഫേസ് ബുക്ക് പേജിലെ പോസ്റ്റിനു ജനങ്ങളുടെ പൊങ്കാല. സിപിഎം സമ്മേളനത്തിലെ ഫോട്ടോകളും സമ്മേളനവുമായി ബന്ധപ്പെട്ട കമന്റുകളും നിറഞ്ഞതാടെ കമന്റ് ബോക്സ് പൂട്ടി. വീണ്ടും കമന്റ് ഓപ്ഷന്‍ ഓണാക്കിയെങ്കിലും പഴയ കമന്റുകളെല്ലാം അപ്രത്യക്ഷമാക്കിയ നിലയിലാണ്.

🔳ദേവികുളം താലൂക്കില്‍ എം ഐ രവീന്ദ്രന്‍ നല്‍കിയ 530 പട്ടയങ്ങളില്‍ 104 എണ്ണം മാത്രമാണ് ലാന്റ് അസൈന്‍മെന്റ് കമ്മറ്റി പാസാക്കിയതെന്നു കണ്ടെത്തല്‍. നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയതെന്ന് വിജിലന്‍സ് കണ്ടെത്തി.

🔳കേരളത്തില്‍ ഓണ്‍ലൈന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ഓഫീസില്‍ പോലും വരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കോവിഡ് ബാധിച്ച് അടച്ചിട്ട നിലയിലാണ്. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ബദല്‍ സംവിധാനം ഒരുക്കിയില്ല. ജനങ്ങളെ വിധിക്കു വിട്ടുകൊടുത്തിരിക്കുന്നു. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരും. 25 ന് തെരഞ്ഞെടുപ്പായതുകൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. രണ്ടിടത്തും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു സിപിഎം. ചെന്നിത്തല പറഞ്ഞു.

🔳പത്തനംതിട്ട അങ്ങാടിക്കലിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടുറോഡിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു എന്നിവരെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കള്ളവോട്ടു ചോദ്യം ചെയ്തതിനാണ് സിപിഐ നേതാക്കളെ ആക്രമിച്ചത്.

🔳ആലപ്പുഴ കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ ചതുപ്പിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ കെട്ടിട നിര്‍മാണ തൊഴിലാളിയുടേത്. കന്യാകുമാരി സ്വദേശി സേവ്യന്റെ മൃതദേഹമാണ് ചതുപ്പിനുള്ളില്‍ കണ്ടെത്തിയത്.

🔳ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിനു കോവിഡ്. ഔദ്യോഗിക വസതിയില്‍ കഴിയുന്ന അദ്ദേഹം എല്ലാ പരിപാടികളും റദ്ദാക്കി.

🔳വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. നരേന്ദ്രന്‍ അന്തരിച്ചു. 62 വയസായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഉത്തരേന്ത്യന്‍ തീര്‍ത്ഥാടനം ജനകീയമാക്കിയ യാത്രാസംഘാടകനായിരുന്നു നരേന്ദ്രന്‍.

🔳വാഴക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിച്ചിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ പതിനാറുകാരിയെ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തി. പെണ്‍കുട്ടിക്കൊപ്പം താമസിച്ചിരുന്ന ബംഗാള്‍ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ ബംഗാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

🔳കോവിഡ് വ്യാപനംമൂലം ലക്ഷദ്വീപിലേക്കു സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ പകുതി ബര്‍ത്തുകളിലേക്കുള്ള യാത്രക്കാര്‍ക്കു മാത്രം അനുമതി. ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പെട്ടിട്ടില്ലെന്ന സത്യവാങ്മൂലവും വേണം.

🔳ഇടുക്കിയില്‍ മയക്കുമരുന്നുമായി നാലു യുവാക്കള്‍ പിടിയില്‍. കഞ്ചാവും എംഡിഎംഎയുമായി ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്സല്‍ നാസര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

🔳തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് കടല്‍ത്തീരത്ത് ഉറങ്ങാന്‍ കിടന്ന മത്സ്യത്തൊഴിലാളി യുവാവ് മരിച്ച നിലയില്‍. പുതിയതുറ സ്വദേശിയായ ക്രിസ്തുദാസിന്റെയും റീത്തമ്മയുടെയും മകന്‍ റീജന്‍ ക്രിസ്തുദാസ് (31) ആണ് മരിച്ചത്.

🔳മലപ്പുറത്ത് റാഗിംങ്ങിന്റെ പേരില്‍ കൂട്ടത്തല്ല് നടത്തിയ വിദ്യാര്‍ത്ഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വളയംകുളം അസ്സബാഹ് കോളജിലെ അഞ്ചു പേരെയാണ് അറസ്റ്റു ചെയ്തത്. തവനൂര്‍ തൃക്കണാപുരം ചോലയില്‍ ഷഹസാദ്(20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇര്‍ഫാന്‍ (20), അണ്ടത്തോട് ചോലയില്‍ ഫായിസ് (21), കൊള്ളനൂര്‍ ജാറം പൂഴികുന്നത്ത് മുര്‍ഷിദ് (21)പാലപ്പെട്ടി മച്ചിങ്ങല്‍ മുഹമ്മദ് ഫാദിഹ് (20) എന്നിവരാണു പിടിയിലായത്.

🔳വീടിന്റെ ടെറസില്‍നിന്നുവീണ് യുവാവ് മരിച്ചു. കോഴിക്കോട് വെള്ളയില്‍ ഗാന്ധിറോഡില്‍ ഹാജി മന്‍സില്‍ കുഞ്ഞിക്കോയയുടെ മകന്‍ എന്‍.പി. അന്‍സാരി (35) ആണ് മരിച്ചത്. സോളാര്‍ പാനല്‍ ജോലിക്കിടെയാണ് അപകടം.

🔳ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. ഇതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമാകും. സുരക്ഷാ ക്രമീകരണങ്ങള്‍ അതിശക്തമാക്കിയിട്ടുണ്ട്.

🔳മധ്യപ്രദേശില്‍ മൂന്നു വീടുകള്‍ കത്തിക്കുകയും ക്ഷേത്രം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബണ്ടി ഉപാധ്യായ എന്ന യുവാവിനെതിരെ കേസ്. ഒരേ ദിവസം രണ്ടു മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാള്‍ ഒരു ക്ഷേത്രവും തകര്‍ത്തു.

🔳ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയില്‍ 53 സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ശ്രീനഗര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കും. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ യശ്പാല്‍ ആര്യയ്ക്കും മകന്‍ സഞ്ജീവ് ആര്യയ്ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

🔳ഗോവയില്‍ കൂറുമാറ്റം തടയാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീര്‍ഥാലയങ്ങളില്‍ എത്തിച്ചു സത്യം ചെയ്യിച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും എത്തിച്ചാണ് സ്ഥാനാര്‍ത്ഥികളെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിച്ചത്. ഫെബ്രുവരി 14 നാണ് ഗോവയില്‍ വോട്ടെടുപ്പ്.

🔳മുംബൈയിലെ ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍. മൂന്നു പേര്‍ പിടിയിലായി. ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പീഡനം നടന്നത്. യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാള്‍ പഴയ ബസ് ഡിപ്പോ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

🔳ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സ്വന്തം വിവാഹം മാറ്റിവച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു: ‘ എന്റെ വിവാഹ ചടങ്ങു മാറ്റിവയ്ക്കുകയാണ്. ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല.’ ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് വരന്‍.

🔳ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആശ്വാസജയം തേടി ഇന്ത്യ. കേപ് ടൗണില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പര, നേരത്തെ രണ്ട് മത്സരങ്ങളും ജയിച്ച സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരുന്നു.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍വിജയത്തിന് തടയിട്ട് സതാംപ്ടണ്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാടകീയ ജയം സ്വന്തമാക്കി. യുണൈറ്റഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇഞ്ചുറി ടൈം ഗോളില്‍ വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. എന്നാല്‍ എവര്‍ട്ടണ്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി നുണഞ്ഞു. ആസ്റ്റന്‍ വില്ലയാണ് ഏകപക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചത്. ന്യൂകാസില്‍ യുണൈറ്റഡാകട്ടെ ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പിച്ചു.

🔳കൊവിഡ് കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാല്‍ ഇന്ത്യാക്കാര്‍ ഒറ്റ ശബ്ദത്തില്‍ പറയും, ഡോളോ 650. മരുന്ന് വിപണിയില്‍ പ്രചാരത്തില്‍ പിന്നിലായിരുന്ന ഡോളോയുടെ വന്‍ വളര്‍ച്ചയാണ് കൊവിഡ് കാലത്ത് ഇന്ത്യ കണ്ടത്. അതാകട്ടെ, ഡോളോയുടെ നിര്‍മ്മാതാക്കളായ മൈക്രോ ലാബ്സ് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കമ്പനിയുടെ സിഎംഡി ദിലീപ് സുരന പറയുന്നത്.

🔳അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാല്‍’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം മറ്റ് അഞ്ച് താരങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

🔳ബിബിന്‍ ജോര്‍ജിനെ നായകനാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്തിരിക്കുന്ന ‘തിരിമാലി’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘രംഗ് ബിരംഗി’ എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‌ക് നബാര്‍ ആണ്. ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാന്‍ ആണ്. നേപ്പാളി സൂപ്പര്‍താരം സ്വസ്തിമ ഖഡ്കയാണ് ഗാനത്തിലെ നൃത്തരംഗങ്ങളില്‍ ചുവട് വച്ചിരിക്കുന്നത്. സ്വസ്തിമയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവുമാണ് തിരിമാലി.

🔳ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സെപ്തംബര്‍ – ഡിസംബര്‍ കാലത്തെ ലാഭത്തില്‍ വന്‍ വര്‍ധന. 38 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധന. 20,539 കോടി രൂപയാണ് ലാഭം. അമേരിക്കയിലെ ഷെയ്ല്‍ ബിസിനസിന്റെ വില്‍പ്പനയും ബിസിനസ് രംഗത്ത് പ്രവര്‍ത്തനങ്ങളിലൂടെയുള്ള നേട്ടവുമാണ് ഇതിന് കാരണം. 2872 കോടിയാണ് ഷെയ്ല്‍ വില്‍പ്പനയില്‍ നിന്ന് മാത്രം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *