NADAMMELPOYIL NEWS
JANUARY 01/22

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍, കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ജിന്‍സിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിന്‍സി ജിന്‍സിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ജിന്‍സിയെ ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. 25ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിട്ടുണ്ടെന്നാണ് സൂചന. ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടി സമീപത്തെ കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

നാട്ടുകാരെത്തി ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി. കുടുംബപ്രശ്‌നങ്ങളാകാം ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. രണ്ടു കുട്ടികളാണ് ജിന്‍സിദീപു ദമ്പതിമാര്‍ക്ക്. ഒരു കുട്ടി ജിന്‍സിക്കൊപ്പവും മറ്റേ കുട്ടി ദീപുവിന്റെ വീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *