NADAMMELPOYIL NEWS
OCTOBER 28/21
തിരുവനന്തപുരം:; കേരളത്തിൽ ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. വിവിധ ജില്ലകളിൽ അഞ്ച് ദിവസം വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31 വരെ ശക്തമായ മഴ തുടരുമെന്നും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതാണ് ശക്തമായ മഴയ്‌ക്ക് കാരണം. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടും. മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
29-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
30-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
31-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
തുലാവർഷം തീരാൻ 2 മാസം ശേഷിക്കെ ഈ വർഷത്തെ ആകെ മഴ വാർഷിക ശരാശരിക്കു മുകളിലെത്തിയിരിക്കുകയാണ്. ജനുവരി 1 മുതൽ ഡിസംബർ 31 വരെ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 2924.7 മില്ലിമീറ്ററാണ്. എന്നാൽ ബുധനാഴ്ച വരെ 3131.6 മി.മീ മഴ ലഭിച്ചു. ശൈത്യകാലത്ത് 409% അധികം മഴ ലഭിച്ചപ്പോൾ വേനൽ മഴ 108% അധികമായിരുന്നു. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലവർഷക്കാലത്ത് മഴ 16% കുറഞ്ഞു. തുലാവർഷത്തിൽ ഇതിനകം 104% അധിക മഴ ലഭിച്ചെന്നുമാണ് വിവരം.
________