തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്കാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തൃശ്ശൂരില്‍ ഇന്നലെ പെയ്ത മഴയില്‍ ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. പത്തോളം വീടുകളില്‍ വെള്ളം കയറി. പണ്ടാരംപാറ മേഖലയില്‍ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. അതിരപ്പിള്ളി വനമേഖലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നാകാം മല വെള്ളപ്പാച്ചില്‍. മോതിരക്കണ്ണി കുറ്റിച്ചിറ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്.
കോഴിക്കോട് രാവിലെ ശക്തി കുറഞ്ഞ ഇടിയോടു കൂടിയ ചാറ്റല്‍ മഴയുണ്ട്. മലയോര മേഖലയില്‍ മഴ വിട്ടു നില്‍ക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള കൊടിയത്തൂര്‍, മുക്കം, പുതുപ്പാടി മേഖലകളില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ജാഗ്രത തുടരുകയാണ്.
അതിനിടെ സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം മുന്‍കൂര്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്ബുകള്‍ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു വേണ്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 31 ന് മുമ്ബ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.