വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയില്‍ ആഡംബരക്കാറിന്റെ നമ്പര്‍ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കര്‍ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി.
ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. 


പുതിയ വാഹനങ്ങള്‍ക്കുപോലും രജിസ്ട്രേഷന്‍നമ്പര്‍ ലഭിച്ചതിനുശേഷം അത് പ്രദര്‍ശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയനിര്‍ദേശം. ഇതിനിടെ നിലവിലെ നമ്പര്‍ മാറ്റിവെച്ച് നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി.


ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രകള്‍ക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തില്‍ നമ്പര്‍ മാറ്റിവെച്ച് യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എം.വി.ഐ. കെ. നിസാര്‍, എ.എം.വി.ഐ. ടി. പ്രബിന്‍, സൂജ മാട്ടട എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കിടെ കാര്‍ പിടികൂടിയത്.


ഒരുതവണ നിയമലംഘനം നടത്തിയ വാഹനത്തില്‍ വീണ്ടും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന നടപടികളെടുക്കുമെന്ന് സേഫ് കേരള കണ്‍ട്രോള്‍ റൂം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *